ചെക്ക് റിപ്പബ്ലിക്കിനോട് തോൽവി; നെതർലൻഡ്സ് യൂറോ കപ്പിൽനിന്ന് പുറത്ത്
text_fieldsബുഡപെസ്റ്റ്: വിജയക്കരയിൽനിന്ന് ഓറഞ്ചുപടക്ക് ഒരിക്കൽകൂടി കണ്ണീരോടെ മടക്കം. ഇക്കുറി ഡാന്യൂബ് നദിക്കരയിൽനിന്നായെന്നുമാത്രം. അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ഡച്ചുകാർക്കെതിരെ ഭാഗ്യത്തിെൻറ ബലത്തിൽ യൂറോ കപ്പിെൻറ ഗ്രൂപ് ഡിയിൽനിന്ന് പ്രീക്വാർട്ടർ ഫൈനലിലെത്തിയ ചെക് റിപ്പബ്ലിക്കിന് അട്ടിമറി ജയം.
55ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് ഡിഫൻഡർ മത്യാസ് ഡീലിറ്റ് പുറത്തായപ്പോൾ തളർന്നുപോയ നെതർലൻഡ്സിനെ അടുത്തടുത്ത ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചെക് ടീം ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. 68ാം മിനിറ്റിലും 80ാം മിനിറ്റിലും കുറിച്ച ഗോളുകളിലാണ് ചെക് റിപ്പബ്ലിക്കിെൻറ വിജയം.
ഗോൾവല കുലുങ്ങാതെനിന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു കളി. 53ാം മിനിറ്റിൽ നെതർലൻഡ്സ് ഗോൾ ഏരിയയിലേക്ക് തനിയെ മുന്നേറിയ ചെക് സൂപ്പർ താരം പാട്രിക് ഷികിനെ പ്രതിരോധിക്കുന്നതിനിടെ മത്യാസ് ഡീലിറ്റ് മനപ്പൂർവം കൈകൊണ്ട് പന്ത് തട്ടിയകറ്റുകയായിരുന്നു. ആദ്യം മഞ്ഞക്കാർഡ് വീശിയ റഫറി വാറിലൂടെ മത്യാസിനെതിരെ തീരുമാനം ചുവപ്പുകാർഡാക്കി മാറ്റി.
അതോടെ 10 പേരായി ചുരുങ്ങിയതോടെ ആത്മവിശ്വാസം നഷ്ടമായ നെതർലൻഡ്സിനെ ഞെട്ടിച്ചുകൊണ്ട് 68ാം മിനിറ്റിൽ ചെക് റിപ്പബ്ലിക് ഗോൾ കണ്ടെത്തി. കോർണർ കിക്കിൽനിന്ന് തോമസ് ഹോൾസാണ് ഗോൾ നേടിയത്. കോർണർകിക്ക് നേരേ എത്തിയത് തോമസ് കാലാസിലേക്കാണ്. കാലാസ് ഹെഡറിലൂടെ മറിച്ചുകൊടുത്ത പന്ത് അനായാസം ഹെഡറിലൂടെ ഹോൾസ് ഗോളാക്കി മാറ്റി.
80ാം മിനിറ്റിൽ ചെക് റിപ്പബ്ലിക് രണ്ടാം ഗോളും നേടി. നെതർലൻഡ്സ് പ്രതിരോധം പിളർന്ന് തോമസ് ഹോൾസ് ഒറ്റക്ക് കൊണ്ടുവന്ന പന്ത് അവസാന നിമിഷം പാട്രിക് ഷികിന് കൈമാറുകയായിരുന്നു. നിലതെറ്റിയ ഗോളി വാസ്ലികിന് അവസരം കൊടുക്കാതെ മനോഹരമായി ഷിക് വലയിലാക്കി. ഷിക്കിെൻറ ടൂർണമെൻറിലെ നാലാം ഗോൾ.
മത്യാസ് ഡീലിറ്റ് ചുവപ്പുകാർഡ് കണ്ടശേഷം ഒരിക്കൽ പോലും കളിയിലേക്ക് മടങ്ങിവരാൻ ഓറഞ്ചുപടക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.