നഷ്ടപരിഹാരം നിഷേധിച്ചു; ടാറ്റക്കെതിരെ പൊരുതി 'ടാറ്റാ ടീ ഫുട്ബാൾ ടീം'
text_fieldsകോട്ടയം: നീതിക്കായി ടാറ്റക്കെതിരെ മൈതാനത്തിന് പുറത്ത് പോരാടുകയാണ് ടാറ്റാ ടീ ഫുട്ബാൾ ടീം. അനധികൃതമായി പിരിച്ചുവിട്ടതിന്‍റെ പേരിൽ ലഭിക്കാനുള്ള നഷ്ടപരിഹാരം നൽകാൻ ടാറ്റ തയാറാകാത്തതാണ് ടീം അംഗങ്ങളും മാനേജ്മെന്‍റും തമ്മിലകലാൻ കാരണം.
90കളിൽ കേരളത്തിലെ ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ചവരാണ് ടാറ്റാ ടീ ഫുട്ബാൾ ടീം. കേരള പൊലീസും ടൈറ്റാനിയവും എസ്.ബി.ടിയും കെൽട്രോണുമൊക്കെയായിരുന്നു അവരുടെ എതിരാളികൾ. കമ്പനിയിൽ പ്രതിസന്ധിയുണ്ടെന്നതിന്‍റെ പേരിൽ 2000ൽ ടീം പിരിച്ചുവിട്ടതോടെ കളിക്കാരുടെ കഷ്ടകാലം തുടങ്ങി.
സംസ്ഥാനത്തെ വിവിധ സർവകലാശാല ടീമുകളിൽ മികച്ച പ്രകടനം നടത്തിയിരുന്ന കളിക്കാരെ അസിസ്റ്റന്‍റ് ഫീൽഡ് ഓഫിസർ, അസിസ്റ്റന്‍റ് ഫാക്ടറി ഓഫിസർ തസ്തികകളിൽ താൽക്കാലിക നിയമനം നൽകിയാണ് ടാറ്റാ ടീയിൽ ഫുട്ബാൾ ടീം ഉണ്ടാക്കിയിരുന്നത്. ഭാവിയിൽ സ്ഥിരം ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ 1992ൽ ടീമിലെത്തിയവർക്ക് 2000 ആയിട്ടും നിയമനം നൽകിയില്ല. മാത്രമല്ല, അപ്രതീക്ഷിതമായി പിരിച്ചുവിടുകയും ചെയ്തു. അപ്പോഴേക്കും പ്രായപരിധി പിന്നിടാറായ കളിക്കാർക്ക് മറ്റ് ജോലികൾ നേടാനുമായില്ല.
വിവിധ എസ്റ്റേറ്റ് ടീമുകൾ തമ്മിൽ മത്സരങ്ങൾ നടക്കാറുള്ളതിനാൽ സന്തോഷ് ട്രോഫി ക്യാമ്പിൽ അടക്കം പങ്കെടുക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടുവെന്ന് ടാറ്റാ ടീയുടെ ക്യാപ്റ്റനായിരുന്ന പാലാ പ്രവിത്താനം സ്വദേശി ജയിംസുകുട്ടി തോമസ് പറഞ്ഞു. അതോടെ ഈ പ്രതിഭകളുടെ കഴിവ് ടാറ്റയുടെ തേയിലത്തോട്ടങ്ങൾക്കിടയിലെ മൈതാനങ്ങളിൽ ഒതുങ്ങി. എം.ജി സർവകലാശാല ടീമിന്‍റെ ക്യാപ്റ്റനായിരിക്കെയാണ് ജയിംസുകുട്ടി ടാറ്റാ ടീയിലെത്തുന്നത്.
ദേശീയ ചാമ്പ്യൻമാരായ കാലിക്കറ്റ് സർവകലാശാലയെ അട്ടിമറിച്ച് സൗത്ത് സോൺ ചാമ്പ്യൻമാരായ തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു ചുവടുമാറ്റം.
മൂന്നുമാസം കൂടുമ്പോൾ കരാർ പുതുക്കിനൽകിയാണ് കളിക്കാരെ ടാറ്റാ നിലനിർത്തിയിരുന്നത്. ഒരാഴ്ചയായിരുന്നു കരാറുകൾക്കിടയിലെ വിടവ്. ഈ സമയത്ത് കളിക്കാർ ടാറ്റയുടെ ജീവനക്കാർ അല്ലാതാവും. എന്നാലും ടൂർണമെന്‍റുകളിൽ ടീം പങ്കെടുക്കുകയും ചെയ്യും. സ്ഥിരനിയമനം നൽകാതിരിക്കാൻ കമ്പനിയെടുക്കുന്ന മുൻകരുതലാണ് ഇതെന്ന് ടീം അംഗങ്ങൾക്ക് മനസ്സിലായില്ല. 1997ൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ എൻ.എ. ഡേവിഡ് മത്സരം നടക്കുന്നതിനിടെ എതിർടീമിലെ കളിക്കാരന്‍റെ ചവിട്ടേറ്റ് വലതുകാലിന്‍റെ ഞരമ്പുപൊട്ടിയതോടെ ജയിംസുകുട്ടിയുടെ ഭാവി ഇരുളിലായി.
പിരിച്ചുവിടപ്പെട്ട് രണ്ടുവർഷത്തോളം കമ്പനി അധികൃതരുടെ കരുണക്കായി അലഞ്ഞ ടീം അംഗങ്ങൾ പിന്നീട് ലേബർ കോടതിയെ സമീപിച്ചു. സ്ഥിരം ജോലി അല്ലെങ്കിൽ മതിയായ നഷ്ടപരിഹാരം എന്നായിരുന്നു ആവശ്യം. സീനിയർ കളിക്കാർക്ക് 90,000 രൂപയും ബാക്കിയുള്ളവർക്ക് അതിൽ താഴെയും തുക നഷ്ടപരിഹാരമായി നൽകാൻ ലേബർ കോടതി വിധിച്ചു. എന്നാൽ, ഇത് നിഷേധിച്ച ടാറ്റ ഹൈകോടതിയിൽ അപ്പീൽ നൽകി. ഈ കേസ് ഇപ്പോഴും നടക്കുകയാണ്.
ജയിംസുകുട്ടിയെ കൂടാതെ ആന്‍റു വർഗീസ്, സി. രാജു, വിനയൻ പി. ജോർജ്, വി.എ. ഇമ്മാനുവൽ, സാബു ജയറാം, പി.ആർ. രഞ്ജൻ, ആന്‍റണി ജോൺ, എം. രാജേഷ്, പി. രാജേന്ദ്രൻ, സെബി മാത്യു എന്നിവരാണ് നീതിക്കായി പൊരുതുന്നത്. ഇതിൽ വിനയൻ പി. ജോർജ് ഇതിനിടെ മരണപ്പെടുകയും ചെയ്തു. ടാറ്റയുടെ മനസ്സലിഞ്ഞാൽ ജീവിതസായാഹ്നത്തിലെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.