ആഗ്രഹമുണ്ട് ബെൽജിയത്തിനൊരു കപ്പ്, നാട്ടിലൊരു ഫ്ലക്സ്
text_fieldsകുവൈത്ത് സിറ്റി: 2014 ബ്രസീൽ വേൾഡ് കപ്പ്, കളിക്കാരുടെയും ഇഷ്ട ടീമുകളുടെയും കട്ടൗട്ടുകളും ഫ്ലക്സും നാട്ടിൽ എല്ലാ മുക്കിലും മൂലയിലും നിറഞ്ഞുകഴിഞ്ഞിരുന്നു. അർജന്റീന, ബ്രസീൽ, സ്പെയിൻ, ഫ്രാൻസ്, പോർചുഗൽ ഫാൻസുകളായിരുന്നു മിക്കവരും. ഇതിനിടയിലേക്ക് ഇഷ്ടടീമായ ബെൽജിയത്തിന്റെ ചെറിയൊരു ബാനറുമായി ഞാൻ കടന്നുചെന്നു. അന്ന് എന്നെ എല്ലാവരും ചിരിച്ചു കളിയാക്കി. ഇതേതാ ടീം, ഇങ്ങനെയൊരു ടീമൊക്കെ വേൾഡ് കപ്പിൽ കളിക്കുന്നുണ്ടോ എന്നൊക്കെയായി ചോദ്യങ്ങൾ.
കടുത്ത ശത്രുക്കളായ അർജന്റീന, ബ്രസീൽ ഫാൻസുകാരൊക്കെ എന്നെ കളിയാക്കുന്നതിൽ ഒരുമിച്ചു. നിരവധി തവണ കപ്പുയർത്തിയ അവരുടെ ടീമുകൾക്കു മുന്നിൽ അത്രയൊന്നും ചരിത്രമില്ലാത്ത ബെൽജിയത്തിന്റെ കളിമികവ് പറഞ്ഞു പിടിച്ചുനിൽക്കാൻ എനിക്ക് അന്ന് ആകുമായിരുന്നില്ല. നാട്ടിൽ ഞാൻ മാത്രമായിരുന്നു ബെൽജിയം ടീമിനെ പിന്തുണച്ച് അന്ന് ആകെ ഉണ്ടായിരുന്നതും. അതുകൊണ്ടുതന്നെ അവരോടൊക്കെ പിടിച്ചുനിൽക്കാൻ പാടായിരുന്നു. ആ വേൾഡ് കപ്പിൽ അർജന്റീനയോടു തോറ്റ് ബെൽജിയം പുറത്താവുകയും ചെയ്തതോടെ എന്റെ കാര്യം തീരുമാനമായി.
എന്നാൽ, 2018 വേൾഡ് കപ്പോടെ ബെൽജിയം ടീമിനെ എല്ലാവരും അറിഞ്ഞുതുടങ്ങി. പണ്ട് പുച്ഛിച്ചവരൊക്കെ പൊക്കിപ്പറയാൻ തുടങ്ങി. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടിയതോടെ കാൽപന്തിന്റെ മായാലോകത്ത് ബെൽജിയം പുതിയ ചരിത്രം തീർത്തു. ടീമിന്റെ ഏക ആരാധകനായ എനിക്ക് നാട്ടിലെ കളിക്കമ്പക്കാർക്കിടയിൽ ചെറിയ വിലയൊക്കെ വന്നുതുടങ്ങിയത് അതോടെയാണ്.
അവിടെനിന്നു തുടങ്ങിയ കുതിപ്പിൽ ശക്തരായ ടീമായി ഇന്ന് ബെൽജിയം മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തോളം ഫിഫ റാങ്കിങ്ങിൽ മുന്നിലെത്തി ബെൽജിയം ലോക ഫുട്ബാളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.കഴിഞ്ഞ ലോകകപ്പിൽ കരുത്തരായ ബ്രസീൽ, ഇംഗ്ലണ്ട്, ജപ്പാൻ എന്നിവരെ പരാജയപ്പെടുത്തി കുതിച്ച ബെൽജിയം ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനു മുന്നിൽ അടിപതറുകയായിരുന്നു. അന്ന് ജപ്പാനെതിരെ നടന്ന മത്സരം ഏതൊരു ബെൽജിയം ആരാധകനും മറക്കില്ല. കഴിഞ്ഞ ലോകകപ്പോടെ ബെൽജിയത്തിന് നാട്ടിൽ ആരാധകർ കൂടിയിട്ടുണ്ട്.
മേജർ ട്രോഫി നേടിയിട്ടില്ല എന്നു മാത്രമാണ് ബെൽജിയത്തിന്റെ ദുഃഖം. ഈ ദുഃഖത്തിനൊരറുതിവരുത്താൻ ഖത്തറിൽ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പിടി മികച്ച താരനിരയുമായിട്ടാണ് ബെൽജിയം വിശ്വമേളയിലേക്ക് വിമാനം കയറുന്നത്. ലോകോത്തര താരങ്ങളായ റിയൽ മഡ്രിഡ് െപ്ലയർ ഏദൻ ഹസാഡ്, ഇന്റർ മിലാൻ െപ്ലയർ റൊമേലു ലുക്കാക്കു, പിന്നെ മിഡ്‌ഫീൽഡിലെ മജീഷ്യൻ കെവിൻ ഡിബ്രൂയ്ൻ എന്നിവരടങ്ങുന്ന ടീമിൽ ലോകത്തിലെ നമ്പർ വൺ ഗോൾകീപ്പർ തിബൂട്ട് കുർട്ടോയ്‌സും ചേരുമ്പോൾ ഖത്തറിൽ ബെൽജിയം ഏറെ മുന്നേറുമെന്ന് ഉറപ്പാണ്. കൗണ്ടർ അറ്റാക്കിങ്ങുമായി ഞെട്ടിക്കുന്ന ബെൽജിയം ഇത്തവണ കിരീടനേട്ടത്തോടെ ലോകത്തെയെും ഞെട്ടിക്കുന്നതിനായി കാത്തിരിക്കുന്നു. എന്നിട്ടുവേണം നാട്ടിൽ ഉരുഗ്രൻ ബാനറുയർത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.