എംബാപ്പെ ഇരട്ട ഗോളടിച്ചിട്ടും രക്ഷയില്ല; ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് തോൽവി
text_fieldsപാരിസ്: ഫ്രഞ്ച് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്ന് (പി.എസ്.ജി) ആദ്യ തോൽവി. സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയിട്ടും നീസിനെതിരെ 3-2ന് തോൽക്കാനായിരുന്നു വിധി. പുതിയ പരിശീലകൻ ലൂയിസ് എന്റിക്വെക്ക് കീഴിൽ ടീമിന്റെ ആദ്യ പരാജയം കൂടിയായി ഇത്. ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ബൊറൂസിയ ഡോട്ട്മുണ്ടിനെ നേരിടാനൊരുങ്ങുന്ന പി.എസ്.ജിയുടെ ആത്മവിശ്വാസം തകർക്കുന്നതാണ് തോൽവി.
നൈജീരിയൻ സ്ട്രൈക്കർ ടെരെം മോഫിയുടെ ഇരട്ട ഗോളും അസിസ്റ്റുമാണ് നീസിന് വിജയം സമ്മാനിച്ചത്. 21ാം മിനിറ്റിൽ തന്നെ താരം നീസിനെ മുന്നിലെത്തിച്ചു. എന്നാൽ, എട്ട് മിനിറ്റിനകം എംബാപ്പെയിലൂടെ പി.എസ്.ജി മറുപടി നൽകി. 53ാം മിനിറ്റിൽ മോഫിയുടെ അസിസ്റ്റിൽ ഗേറ്റൻ ലബോർഡെ ഗോൾ നേടിയതോടെ നീസ് വീണ്ടും ലീഡ് നേടി. 68ാം മിനിറ്റിൽ മോഫി രണ്ടാം ഗോളും നേടിയതോടെ പി.എസ്.ജി പരാജയം മണത്തു. കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ എംബാപ്പെ ഒരു ഗോൾ കൂടി നേടിയെങ്കിലും പരാജയം തടയാനായില്ല.
മത്സരത്തിൽ 70 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കിയിട്ടും ലക്ഷ്യം കാണുന്നതിൽ പി.എസ്.ജി പരാജയപ്പെടുകയായിരുന്നു. ഒപ്പം അവരുടെ പ്രതിരോധത്തിന്റെ പോരായ്മ തുറന്നുകാട്ടുന്നത് കൂടിയായി പരാജയം. കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുകയായിരുന്നു നീസിന്റെ തന്ത്രം. എട്ട് ഷോട്ടുകൾ അവർ പി.എസ്.ജി ഗോൾപോസ്റ്റിന് നേരെ ഉതിർത്തപ്പോൾ പി.എസ്.ജിയുടെ മറുപടി മൂന്നിലൊതുങ്ങി. തോൽവിയോടെ അഞ്ച് കളിയിൽ എട്ട് പോയന്റുള്ള പി.എസ്.ജി മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് കളിയിൽ 10 പോയന്റുമായി മൊണാക്കായോണ് ലീഗിൽ ഒന്നാമത്. അഞ്ച് മത്സരങ്ങളിൽ ഒമ്പത് പോയന്റുള്ള നീസ് രണ്ടാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.