‘ക്രിസ്റ്റ്യാനോയേക്കാൾ മുന്നിലാണ് മെസ്സി; ബാലൺ ഡി ഓറിന്‍റെ എണ്ണം അതിന് തെളിവ്’ -നിലപാട് വ്യക്തമാക്കി ഡി മരിയ
text_fieldsസമകാലിക ഫുട്ബാൾ ലോകത്ത് ലയണൽ മെസ്സിയാണോ അതോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ച താരമെന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി അർജന്‍റീനയുടെ എയ്ഞ്ചൽ ഡി മരിയ. ക്രിസ്റ്റ്യാനോയേക്കാൾ മൂന്നു ബാലൺ ഡി ഓർ പുരസ്കാരം അധികം നേടിയ, ടീമിലെ സഹതാരമായിരുന്ന മെസ്സി തന്നെയാണ് ഏറ്റവും മികച്ച ഫുട്ബാളറെന്ന് മരിയ വ്യക്തമാക്കി.
കഴിഞ്ഞദിവസം കൊളംബിയയെ വീഴ്ത്തി അർജന്‍റീന തങ്ങളുടെ പതിനാറാം കോപ്പ അമേരിക്ക കിരീടം നേടിയതിനു പിന്നാലെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മരിയ ഇക്കാര്യം പറഞ്ഞത്. അർജന്‍റീന കുപ്പായത്തിൽ മരിയയുടെ അവസാന മത്സരം കൂടിയായിരുന്നു കോപ്പ ഫൈനൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം.
‘കൂടുതൽ ബാലൺ ഡി ഓർ നേടിയ മെസ്സി തന്നെയാണ് മികച്ചവൻ. എട്ടു തവണയാണ് മെസ്സി പുരസ്കാരം നേടിയത്. എന്നെ സംബന്ധിച്ചിടത്തോളം മെസ്സി ക്രിസ്റ്റ്യാനോയേക്കാൾ മുന്നിലാണ്’ -മരിയ പറഞ്ഞു. തന്‍റെ തലമുറയിലെ രണ്ടു മികച്ച താരങ്ങളിൽ ഒരാളാണ് പോർചുഗീസ് സ്ട്രൈക്കറെന്നും മരിയ കൂട്ടിച്ചേർത്തു. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഒപ്പം കളിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഡി മരിയ. കോപ്പ ഫൈനൽ വിജയം മെസ്സിയുടെ തുടർച്ചയായ നാലാം അന്താരാഷ്ട്ര കിരീടമാണ്.
‘വെയ്ൻ റൂണി, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ക്രിസ്റ്റ്യാനോ, മെസ്സി എന്നിവർക്കൊപ്പം കളിക്കുന്നത് ഒരു സ്വപ്നമായിരുന്നു. പ്ലേ സ്റ്റേഷനിൽ ഞാൻ കളിക്കാൻ ഉപയോഗിച്ചിരുന്ന താരങ്ങളായിരുന്നു ഇവരെല്ലാം, അവരോടൊപ്പം കളിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവരുടെ കളി പതിവായി കണ്ടിരുന്നു, ഒടുവിൽ അവർക്കൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു’ -മരിയ കൂട്ടിച്ചേർത്തു.
2008ൽ അർജന്‍റീന ദേശീയ ടീമിൽ അരങ്ങേറിയ മരിയ വിങ്ങറായും അറ്റാക്കിങ് മിഡ് ഫീൽഡറായും 145 മത്സരങ്ങൾ കളിച്ചു. 2008ലെ ഒളിമ്പിക്സിൽ മെസ്സിയും സംഘവും അർജന്റീനക്കായി സ്വർണം നേടിയപ്പോൾ ഫൈനലിൽ ടീമിന്റെ ജയമുറപ്പിച്ചത് ഡി മരിയയുടെ ഗോളാണ്. 2021ലെ കോപ്പ ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയുടെ ജയവും കിരീടവുമുറപ്പിച്ചത് ഡി മരിയയുടെ ഗോളായിരുന്നു. തുടർന്ന് 2022ൽ ഫിഫ ഫൈനലിസീമയിൽ ഇറ്റലിയെ 3-0ത്തിന് അർജന്റീന കീഴടക്കിയപ്പോഴും ഡി മരിയ വലകുലുക്കി. 2022 ലോകകപ്പ് ഫൈനലിൽ ഒരു ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും മലാഖ തന്നെ.
2005ൽ റൊസാരിയോ സെൺട്രലിലൂടെ പന്തു തട്ടിയാണ് ക്ലബ് കരിയറിന് തുടക്കമിടുന്നത്. ബെൻഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, യുവന്റസ് തുടങ്ങിയ വമ്പൻ ക്ലബുകൾക്ക് വേണ്ടി രണ്ടുപതിറ്റാണ്ടോളം പന്തുതട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.