‘ഒരാൾക്ക് എട്ട്, മറ്റേയാൾക്ക് അഞ്ച്!, ബാലൺ ഡി ഓറിലെ കണക്കുകൾ സത്യം പറയും’, ക്രിസ്റ്റ്യാനോക്ക് മറുപടിയുമായി ഡി മരിയ
text_fieldsഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം താനാണെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാദത്തെ തള്ളിപ്പറഞ്ഞ് അർജന്റൈൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ. ലയണൽ മെസ്സിയാണ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നാണ് ഡി മരിയ പറഞ്ഞത്. അതിന് തെളിവായി ബാലൺ ഡി ഓറിന്‍റെ എണ്ണം മാത്രം മതിയെന്നും മരിയ ചൂണ്ടിക്കാട്ടി.
2024 കോപ്പ അമേരിക്കയിലെ കിരീടനേട്ടത്തോടെ അർജന്റീന ദേശീയ ടീമിൽനിന്ന് പടിയിറങ്ങിയ ഡി മരിയ മെസ്സിക്കൊപ്പവും ക്രിസ്റ്റ്യാനോക്കൊപ്പവും പന്ത് തട്ടിയിട്ടുണ്ട്. 2010 മുതൽ 14 വരെ ഡി മരിയ ചോർചുഗൽ താരത്തിനൊപ്പം റയൽ മഡ്രിഡിന്‍റെ ഭാഗമായിരുന്നു. മെസ്സിക്കൊപ്പം ചെറുപ്പംമുതൽ പന്തുതട്ടിയ ഡി മരിയ 2022ൽ അർജന്‍റീന വിശ്വവിജയം നേടിയപ്പോൾ മുൻനിരയിൽ നായകന്റെ വിശ്വസ്ത തേരാളിയായിരുന്നു.
’ഈ അവകാശവാദത്തിൽ എനിക്ക് ഞെട്ടലൊന്നുമുണ്ടായില്ല. ഞാൻ റൊണാൾഡോക്കൊപ്പം നാലുവർഷം കളിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴും ഇത്തരം പ്രസ്താവന ഇറക്കും. എപ്പോഴും മികച്ചവനാകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാൽ, എന്ത് ചെയ്യാൻ പറ്റും? അദ്ദേഹം ജനിച്ചത് ഈ തലമുറയിലായിപ്പോയി. ക്രിസ്റ്റ്യാനോയുടെ എതിരാളി ജനിച്ചത് മാന്ത്രികതയുമായാണ്. എന്താണ് സത്യമെന്ന് കണക്കുകൾ പറയും. ഒരാൾക്ക് എട്ട് ബാലൺ ഡി ഓർ ഉണ്ട്, മറ്റെയാൾക്ക് അഞ്ചും. അതുതന്നെ വലിയ വ്യത്യാസമാണ്. ലോക ചാമ്പ്യൻ ആകുന്നത് അതിലും വലിയ അന്തരം സൃഷ്ടിക്കും. അതിനൊപ്പം രണ്ട് കോപ്പ അമേരിക്കയും’ -ഡി മരിയ വിലയിരുത്തുന്നു.
’ഒരുപാട് വ്യത്യാസങ്ങളുണ്ട്, നിങ്ങൾ മെസ്സിയുടെ കളിയിലെ ഓരോ നിമിഷങ്ങൾ എടുത്ത് നോക്കിയാലും അത് കാണാൻ സാധിക്കും. സ്വന്തം സ്ഥലത്ത് കളിക്കുന്നത് പോലെയാണ് അവൻ എല്ലായിടത്തും കളിക്കുന്നത്. ഒരേ രീതിയിൽ തന്നെ ഗോൾ നേടും. ഇപ്പോഴും അത് തുടരുന്നു. 18-20 വർഷമായി ഇത് മെസ്സി ചെയ്യുന്നുണ്ട്’ -ഡി മരിയ ചൂണ്ടിക്കാട്ടി.
താൻ ലോകത്തിലെ പരിപൂർണനായ ഫുട്ബാൾ കളിക്കാരനെന്ന് റൊണാൾഡോ ഈയിടെയാണ് പ്രസ്താവിച്ചത്. ഇതിന് മറുപടിയെന്നോണമാണ് മെസ്സിയെ പുകഴ്ത്തി ഡി മരിയ രംഗത്തെത്തിയത്. ഇതിന് മുമ്പും റൊണാൾഡോ ഇത്തരത്തിലുള്ള ഒരുപാട് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.