ക്രിസ്റ്റ്യാനോയെ അൽ-നസ്ർ ക്ലബിൽ അവതരിപ്പിച്ചത് 300 കോടി പേർ കണ്ടോ? വസ്തുത ഇതാണ്...
text_fieldsസൗദി ക്ലബായ അൽ-നസ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവതരിപ്പിക്കുന്നത് ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലുമടക്കം 40 വ്യത്യസ്ത ചാനലുകൾ വഴി 300 കോടി പേർ കണ്ടുവെന്നായിരുന്നു വാർത്ത. ലോകകപ്പിൽ മെസ്സിയും സംഘവും മുത്തമിടുന്ന രംഗങ്ങൾ കണ്ടതിനേക്കാൾ കൂടുതൽ ആളുകൾ റൊണാൾഡോയുടെ അവതരണ വിഡിയോ കണ്ടതായും വാർത്തകൾ വന്നു.
എന്നാൽ, അത്രയും പേർ കണ്ടുവെന്ന വാർത്തകൾ ഒരു പോർചുഗീസ് മാധ്യമപ്രവർത്തകന്റെ സൃഷ്ടിയാണെന്നാണ് വസ്തുതാന്വേഷണ വെബ്സൈറ്റുകൾ പറയുന്നത്. 25,000 പേർ നേരിട്ട് സാക്ഷിയായ ചടങ്ങ് സ്വദേശത്തും വിദേശത്തുമുൾപ്പെടെ നിരവധി ചാനലുകൾ കാണിച്ചിരുന്നു. വെടിക്കെട്ടിന്റെ അകമ്പടിയോടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ക്ലബ് പ്രവേശനം. സമൂഹ മാധ്യമങ്ങളും മറ്റും വഴി 300 കോടി പേർ കണ്ടുവെന്നായിരുന്നു ട്വിറ്ററിൽ അവകാശവാദം. അതിവേഗം ഇതേറ്റെടുത്ത ആഗോള മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തു.
790 കോടി ജനസംഖ്യയുള്ള ലോകത്ത് 300 കോടി പേർ ഈ ചടങ്ങ് കണ്ടുവെന്ന് പറയാനാകില്ലെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റുകൾ പറയുന്നു.
ലോകത്ത് ഭൂരിഭാഗം ചാനലുകളും ഇത് കാണിച്ചിട്ടില്ല. 2018ലെ ലോകകപ്പ് മൊത്തം മത്സരങ്ങളും കണ്ടത് 350 കോടിയിലധികം പേരാണ്. ഇതിൽ ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ മത്സരം വീക്ഷിച്ചത് 112 കോടിയിലേറെ പേരായിരുന്നു. ഖത്തർ ലോകകപ്പ് ഫൈനൽ എത്രപേർ കണ്ടുവെന്ന കണക്ക് ഫിഫ പുറത്തുവിടാനിരിക്കുന്നേയുള്ളൂ. അതിനാൽ, അതുകഴിഞ്ഞ് നടന്ന ക്രിസ്റ്റ്യാനോ ക്ലബ് പ്രവേശനത്തിന്റെ കണക്കുകളും ഊതിപ്പെരുപ്പിച്ചതുതന്നെയാണെന്നേപറയാനാകൂ എന്നാണ് വസ്തുതാന്വേഷണ വെബ്സൈറ്റുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.