സൂപ്പർതാരം ക്രിസ്റ്റ്യാനോ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചോ? സത്യം ഇതാണ്...
text_fieldsഅന്താരാഷ്ട്ര ഉടമ്പടികളും നിയമങ്ങളുമെല്ലാം കാറ്റിൽപറത്തി ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിലും ഉപരോധത്തിലും വലയുന്ന ഫലസ്തീൻ കുട്ടികൾക്ക് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്തുണ പ്രഖ്യാപിച്ച തരത്തിലുള്ള വിഡിയോ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേർ ഈ വിഡിയോ പങ്കുവെക്കുകയും താരത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
‘നിങ്ങൾ ഒരുപാട് ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞാൻ പ്രശസ്തനായ കളിക്കാരനാണ്, പക്ഷേ നിങ്ങളാണ് യഥാർഥ ഹീറോകൾ. നിങ്ങൾ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ലോകം നിങ്ങളോടൊപ്പമാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ട്’ -എന്നാണ് ക്രിസ്റ്റ്യാനോ വിഡിയോയിൽ പറയുന്നത്. ഗസ്സയിലെയും ഫലസ്തീനിലെയും നിരപരാധികളായ കുട്ടികൾക്കു വേണ്ടിയാണ് റൊണാൾഡോ സംസാരിക്കുന്നതെന്ന കുറിപ്പോടെയാണ് പലരും ഈ വിഡിയോ പങ്കുവെക്കുന്നത്. എന്നാൽ, യഥാർഥത്തിൽ സൂപ്പർതാരം ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചോ?
ഇല്ല എന്നതാണ് യാഥാർഥ്യം. മുൻ ലോക ഫുട്ബാളറുടെ പേരിൽ പ്രചരിക്കുന്ന വിഡിയോ സത്യത്തിൽ 2016ലുള്ളതാണ്. അന്നത്തെ സിറിയ ആഭ്യന്തര കലാപത്തിൽ ദുരിതത്തിലായ കുട്ടികളോട് സംസാരിക്കുന്ന വിഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. ‘സിറിയയിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് പ്രതീക്ഷയുടെ സന്ദേശം’ എന്ന കുറിപ്പോടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഈ വിഡിയോ അന്ന് എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. ‘സിറിയയിലെ കുട്ടികളെ സംരക്ഷിക്കുക’ എന്ന കാമ്പയിനിന്‍റെ ഭാഗമായാണ് ഈ വിഡിയോ പങ്കുവെച്ചത്.
പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ ക്രിസ്റ്റ്യാനോയുടെ വിഡിയോ വാർത്തയാക്കുകയും ചെയ്തിരുന്നു. അതേസമയം, മുൻ ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമ, ലിവർപൂളിന്റെ മിന്നും സ്ട്രൈക്കർ മുഹമ്മദ് സലാഹ്, മൊറോക്കോ താരം ഹക്കീം സിയെച്ച് എന്നിവർ ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.