മരണത്തിനു ശേഷവും റെക്കോഡുമായി മറഡോണ; വിഖ്യാത ജഴ്‌സി ലേലത്തിൽ പോയത് 70.90 കോടിക്ക്
text_fieldsലണ്ടൻ: കളി മൈതാനങ്ങളിൽ നിരവധി റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ച ഫുട്ബാൾ ഇതിഹാസം മറഡോണയുടെ പേര് മരണത്തിനു ശേഷവും റെക്കോഡ് പുസ്തകത്തിൽ ഇടം പിടിക്കുന്നു. 1986ലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 'ദൈവത്തിന്റെ കൈ' പതിഞ്ഞ ഗോളടിക്കുമ്പോൾ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് ഇപ്പോൾ റെക്കോഡ് തുകക്ക് ലേലത്തിൽ പോയിരിക്കുന്നത്.
ഒരേസമയം വിവാദവും വിഖ്യാതവുമായ ഗോളുകൾ കുറിക്കുമ്പോൾ മറഡോണ ധരിച്ചിരുന്ന ജഴ്സി 70 കോടി 90 ലക്ഷത്തിനാണ് ലേലത്തിൽ പോയത്. കായിക ചരിത്രത്തിൽ ഒരു താരത്തിന്‍റെ ജഴ്സിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്. മത്സരശേഷം ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന് മറഡോണ കൈമാറിയ ജഴ്സിയാണിത്. ദൈവത്തിന്റെ കൈകൊണ്ട് നേടിയ ഗോൾ എന്ന വിവാദത്തിനൊപ്പം അഞ്ച് ഇംഗ്ലീഷ് ഡിഫൻഡർമാരെ വെട്ടിച്ച് നേടിയ നൂറ്റാണ്ടിന്റെ ഗോൾ എന്നു വിശേഷിപ്പിക്കപ്പെട്ട മനോഹര മുഹൂർത്തവും പിറന്ന മത്സരത്തിൽ മറഡോണ ധരിച്ചിരുന്നത് എന്നതാണ് ഈ ജഴ്സി ഇത്രയും വമ്പൻ തുകക്ക് ലേലത്തിൽ പോകാൻ കാരണമായത്.
ബുധനാഴ്ച പൂർത്തിയായ ലേല നടപടികളിൽ ആരാണ് ഈ ജഴ്സി സ്വന്തമാക്കിയത് എന്നത് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ജഴ്സി മറ്റൊരു വിവാദത്തിനുകൂടി തുടക്കം കുറിച്ചിരിക്കുകയാണ്. മത്സരത്തിന്റെ 51, 55 മിനിറ്റുകളിലാണ് മറഡോണ ഇരു ഗോളുകളും നേടിയത്.
എന്നാൽ, ആദ്യ പകുതിയിൽ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് സ്റ്റീവ് ഹോഡ്ജിന് കൈമാറിയതെന്നും രണ്ടാം പകുതിയിൽ ഗോളടിച്ചപ്പോൾ ധരിച്ചിരുന്ന ജഴ്സിയല്ല എന്നുമുള്ള വാദവുമായി രംഗത്തുവന്നിരിക്കുന്നത് സാക്ഷാൽ മറഡോണയുടെ മകൾ ഡൽമ മറഡോണ തന്നെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നായിരുന്നു മറഡോണ വിടപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.