തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മറഡോണക്ക് ശസ്‌ത്രക്രിയ
text_fieldsബ്യൂണസ് ഐറിസ്: അര്‍ജന്‍റീനിയൻ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ശാരീരിക അസ്വസ്ഥകളെ തുടർന്ന് തിങ്കളാഴ്ച മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിവിധ പരിശോധനകൾ നടത്തിയിരുന്നു. സ്കാനിങ് റിപ്പോർട്ടിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി തിരിച്ചറിഞ്ഞത്. താരത്തിന്‍റെ ആരോഗ്യനില ഇപ്പോൾ ഭദ്രമാണെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.
അര്‍ജന്‍റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിഹാസ താരത്തിന്‍റെ അടിയന്തിര ശസ്‌ത്രക്രിയ വാര്‍ത്തയറിഞ്ഞ് ആശുപത്രി പരിസരത്ത് ആരാധകർ തടിച്ചുകൂടി. 'കമോൺ ഡീഗോ' എന്ന ബാനർ ഉയർത്തിപ്പിടിച്ചാണ് മറഡോണയുടെ തിരിച്ചുവരവിനുവേണ്ടി ആരാധകർ പ്രാർഥിച്ചത്.
രണ്ട് തവണ ബൈപാസ് സര്‍ജറിക്ക് വിധേയനായ താരത്തിന്‍റെ ആരോഗ്യനില പൊതുവെ ദുർബലമായ അവസ്ഥയിലായിരുന്നു. വിളര്‍ച്ചയും നിര്‍ജലീകരണവും വിഷാദവും താരത്തെ അലട്ടുന്നുണ്ട്. ഒരാഴ്‌ചയായി ഭക്ഷണം കഴിക്കാന്‍ താരം വിമുഖത കാട്ടിയിരുന്നു. ഇതിനൊപ്പം നിരവധി ജീവിതശൈലി രോഗങ്ങള്‍ മറഡോണയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അലട്ടുന്നുണ്ട്. 2019ല്‍ വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നും മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മറഡോണ 60ാം പിറന്നാൾ ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.