കൗമാരകാലത്ത് മറഡോണ ബലാത്സംഗം ചെയ്തുവെന്ന് മുൻ ക്യൂബൻ കാമുകി
text_fieldsബ്വേനസ് ഐറിസ്: അന്തരിച്ച അർജന്‍റീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്തെത്തി. കൗമാരക്കാരിയായിരുന്ന സമയത്ത് മറഡോണ ബലാത്സംഗം ചെയ്തതായും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിപ്പിച്ചതായും വെളിപ്പെടുത്തി.
40കാരനായിരിക്കേ ക്യൂബയിൽ ചികിത്സക്കായെത്തിയ മറഡോണ അന്ന് 16 വയസ് മാത്രം പ്രായമായിരുന്ന തന്നെ ബലാത്സംഗം ചെയ്തതായി മാവിസ് ആൽവറസ് റെഗോ ബ്വേനസ് ഐറിസിൽ മാധ്യമങ്ങളോട് പറഞ്ഞു. 15, നാല് വയസ് പ്രായമായ കുഞ്ഞുങ്ങളുടെ മാതാവായ ആൽവറസ് റെഗോ മയാമിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഹൃദയാഘാതം മൂലമാണ് ഫുട്ബാൾ ഇതിഹാസം മരിച്ചത്.
തന്‍റെ മകൾക്ക് 15 വയസ് തികഞ്ഞതിനാൽ പീഡനത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതായി അവർ അവകാശപ്പെട്ടു. ഏകദേശം അതേ പ്രായത്തിലാണ് താൻ ജീവതത്തിലെ ഏറ്റവും ദുർഘടമായ കാലത്തിലൂടെ കടന്ന് പോയത് എന്നതിനാലാണത്.
'എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അതേപോെല തന്നെ വെറുപ്പുമായിരുന്നു. ഞാൻ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു'- അവർ പറഞ്ഞു.
മറഡോണയുമായി അഞ്ച് വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിനിടെ തനിക്ക് കൊടിയ മർദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നതായി അവർ നഗരത്തിലെ കോടതിയിൽ തുറന്നു പറഞ്ഞു. അന്ന് മറഡോണയുടെ കൂടെയുണ്ടായിരുന്ന നാലുപേർക്കെതിരെ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്.
2001ൽ തന്‍റെ സമ്മതമില്ലാതെ ബ്വേനസ് ഐറിസിലെ ഹോട്ടൽ മുറിയിൽ ദിവസങ്ങളോളം പാർപ്പിച്ചതായും നിർബന്ധിപ്പിച്ച് സ്തന വളർച്ചക്കുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും ആരോപണമുണ്ട്.
ഹവാനയുടെ വീട്ടിൽ വെച്ച് ഒരിക്കൽ മറഡോണ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തിയ അവർ ഇതിഹാസം മറ്റ് പല ക്രൂരകൃത്യങ്ങൾ വിധേയമാക്കിയതായും പറയുന്നു.
പരാതിപ്പെട്ടില്ലെങ്കിലും ഒരു അർജന്‍റീന എൻ.ജി.ഒ നൽകിയ പാരാതിയിൽ സാക്ഷി പറയാൻ എത്തിയതായിരുന്നു ആൽവറസ് റെഗോ. അമേരിക്കൻ മാധ്യമങ്ങളിൽ റെഗോ അടുത്തേിടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് 'ഫൗണ്ടേഷൻ ഓഫ് പീസ്' എന്ന സംഘടന കേസ് കൊടുത്തത്.
മനുഷ്യക്കടത്ത്, സ്വാതന്ത്ര്യം ഹനിക്കൽ, നിർബന്ധിത അടിമത്തം, ആക്രമണം, എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതി.നവംബർ 25 ന് അദ്ദേഹത്തിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് മറഡോണയെക്കുറിച്ചുള്ള ഒരു ടി.വി സീരീസ് പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്രയും വർഷത്തെ നിശബ്ദതക്ക് ശേഷം സംസാരിക്കുന്നതെന്ന് ആൽവറസ് റെഗോ പറഞ്ഞതായി 'ദ സൺ' റിപ്പോർട്ട് ചെയ്തു.
'ഞാൻ എന്‍റെ ലക്ഷ്യം നേടി. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയുക, മറ്റുള്ളവർക്ക് ഇത്തരം ദുരനുഭവം ഉണ്ടാകുന്നത് തടയുക. അല്ലെങ്കിൽ കുറഞ്ഞത് മറ്റ് പെൺകുട്ടികൾക്ക് സംസാരിക്കാനുള്ള ശക്തിയും ധൈര്യവും നൽകുക'-ആൽവറസ് റെഗോ പറഞ്ഞു.
മറഡോണയുടെ ജോലിക്കാരായിരുന്ന അഞ്ചുപേർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഒരാൾ സംഘടനക്കെരതിരെ പരാതി നൽകി. മറഡോണയും ആൽവറസ് റെഗോയും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുണ്ട്. ക്യൂബൻ നേതാവായിരുന്ന ഫിഡൽ കാസ്ട്രോയോടൊപ്പമുള്ള ചിത്രവും അതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.