ഡീഗോ... നിങ്ങളില്ലാതെ എന്താഘോഷം; ദോഹയിൽ നക്ഷത്രങ്ങൾ പെയ്തിറങ്ങിറങ്ങിയ രാവ്
text_fieldsദോഹ: കാൽപന്ത് ആരാധകരുടെ ഹൃദയങ്ങളിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെല്ലാം ഒറ്റരാത്രിയിൽ ദോഹയുടെ മണ്ണിലിറങ്ങി വർണപ്രപഞ്ചം തീർത്തു. നീലവെളിച്ചത്തിൽ തിളങ്ങിയ വിശാലമായ വേദിക്ക് മുകളിൽ കടൽപോലെ നീണ്ടുകിടന്ന കൂറ്റൻ സ്ക്രീനിൽ ആദ്യം തെളിഞ്ഞത് സാക്ഷാൽ ഡീഗോ... താനില്ലാത്ത ആദ്യ ലോകകപ്പിന്‍റെ പോരിടങ്ങൾ നിർണയിക്കുന്നതിന് സാക്ഷിയാവാൻ ഏഴാകാശങ്ങൾക്കുമപ്പുറമിരുന്ന് കാൽപന്തിന്‍റെ തമ്പുരാനും ചേരുകയായിരുന്നു. ഒരാണ്ട് മുമ്പ് മറഞ്ഞുപോയ ഡീഗോ മറഡോണക്കു പിന്നാലെ, പൗലോ റോസിയും ഗെർഡ് മുള്ളറും ദോഹ എക്സിബിൻ ആൻഡ് കൺവെൻഷൻ സെന്‍ററിന്‍റെ ചുമരിൽ നക്ഷത്രശോഭയോടെ മിന്നിത്തിളങ്ങിയപ്പോൾ, പാതിവഴിയിൽ ഞെട്ടറ്റുവീണുപോയ താരകങ്ങൾ വീണ്ടും ജ്വലിച്ചപോലെ. മൈതാനത്ത് അവർ താളമിട്ട, കളിയഴകിന് പതിറ്റാണ്ടുകാലമായി ചന്തം പകർന്ന നക്ഷത്രങ്ങൾ ഇരിപ്പിടങ്ങളിലും വേദികളിലുമായി നിറഞ്ഞു കവിഞ്ഞു.
ജീവിതം കൊണ്ട് ഫുട്ബാളിന് സമവാക്യങ്ങൾ രചിച്ച ഡീഗോക്ക് ആദരവർപ്പിച്ചായിരുന്നു ഖത്തർ ലോകകപ്പിന്‍റെ ആരവങ്ങളിലേക്കുള്ള കിക്കോഫ്. പന്തുരുളാൻ ഏഴരമാസത്തിലേറെ സമയം ഇനിയുമുണ്ടെങ്കിലും കാൽപന്തുലോകത്തെ ഖത്തർ ഈ കളിമുറ്റത്തേക്ക് സ്വാഗതം ചെയ്തു. മൂന്നു തവണ ലോകകപ്പിൽ കളിച്ച്, രണ്ടു വട്ടം കപ്പിൽ മുത്തമിട്ട കഫുവും, ജർമൻ ഫുട്ബാൾ ഇതിഹാസം ലോതർ മതേവൂസുമായിരുന്നു ഈ രാവിലെ താരങ്ങൾ.
ദോഹയിൽ വെള്ളിയാഴ്ച വൈകീട്ട് 6.30. നറുക്കെടുപ്പ് കൗണ്ട്ഡൗൺ പൂജ്യത്തിലെത്താൻ മിനിറ്റുകളുടെ കാത്തിരിപ്പ്. ദോഹ കൺവെൻഷൻ സെന്‍ററിലെ ചുവപ്പുപരവതാനിയിലേക്ക് ഇതിഹാസ താരങ്ങൾ അണിനിരന്ന പുഴ ഒഴുകിത്തുടങ്ങുകയായിരുന്നു. ബൂട്ടിൽ പന്ത് തൊടുമ്പോൾ, പച്ചപ്പുൽ മൈതാനത്ത് തീപ്പടർത്തിയ പൊൻകാലുകൾ കോട്ടും സ്യൂട്ടുമണിഞ്ഞ് അണിചേർന്നപ്പോൾ ആ പുഴയിലെ തുള്ളികളായി മാറി. കഫും ദിദിയർ ദെഷാംപ്സും ലോതർ മതേവൂസും ഐകർ കസിയസും കകായും ആന്ദ്രെ പിർലോയും മുതൽ മാക്സി റോഡ്രിഗസ്, മാർകോ മറ്റരാസി, ജൂലിയോ സെസാർ, ഹാവിയർ മഷറാനോ, യായാ ടുറെ, ടിം കാഹിൽ തുടങ്ങിയ താരനിരയുമായി റെഡ്കാർപറ്റിലെ താരസഞ്ചാരം നിലക്കാതെ തുടർന്നു. യോഗ്യത നേടിയ ടീമുകളുടെ സൂപ്പർ പരിശീലകരായ ജർമൻ കോച്ച് ഹാൻസി ഫ്ലിക്, സ്പെയിനിന്‍റെ ലൂയിസ് എന്‍റിക്വെ, ബെൽജിയത്തിന്‍റെ റോബർടോ മാർടിനസ്, ഇംഗ്ലണ്ടിന്‍റെ ഗാരെത് സൗത്ഗേറ്റ്, ആഴ്സെൻ വെങ്ങർ, ഫെർണാണ്ടോ സന്‍റോസ് അങ്ങനെ നീണ്ടുനിൽക്കുന്ന നിര.
ഉച്ചക്ക് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം സന്ദർശനവും കഴിഞ്ഞ് മീഡിയ സെന്‍ററിലെത്തി, അത്യാവശ്യ ജോലികളും പൂർത്തിയാക്കി, നറുക്കെടുപ്പ് വേദിയിലെ മീഡിയാ ട്രൈബ്യൂണലിലേക്ക് കയറാൻ വൈകിയത് അനുഗ്രഹമായിമാറി. ഓടിയെത്തുമ്പോൾ റെഡ്കാർപ്പറ്റ് സ്റ്റാർ അറൈവലിനായി തുറന്നിരുന്നു. താരസഞ്ചാരത്തിനിടയിൽ സുരക്ഷ ഉദ്യോഗസ്ഥർ തീർത്ത വലയത്തിനുള്ളിൽ കാത്തുനിൽക്കുമ്പോൾ ഇതിഹാസങ്ങൾ ഓരോരുത്തരായി അരികിലൂടെ നടന്നു നീങ്ങുന്നത് അവിശ്വസനീയതയോടെ ആസ്വദിക്കുകയായിരുന്നു.
ഉത്സവമാക്കി തെക്കൻ അമേരിക്ക
ബ്രസീലും അർജന്‍റീനയും ഉറുഗ്വായ് യും അടങ്ങുന്ന തെക്കൻ അമേരിക്കയുടെ ഉത്സവമാണ് ഫുട്ബാൾ എന്ന് നമ്മളെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ലോകകപ്പ് നറുക്കെടുപ്പ് വേദിയെ നിറച്ച മാധ്യമ സാന്നിധ്യം. ഭാഷക്കും ദേശത്തിനും മുകളിൽ ഫുട്ബാൾ സ്ഥാനംപിടിക്കുന്നുവെന്ന് തെളിയിക്കുന്ന പോലെ, സ്പാനിഷും പോർച്ചുഗീസും ഉൾപ്പെടെ പലഭാഷകൾ കൊണ്ട് നിറഞ്ഞ മീഡിയ സെന്‍റർ. ഏഷ്യയിലെയും യൂറോപ്പിലെയും മാധ്യമങ്ങളേക്കാൾ, മേധാവിത്വം ലാറ്റിനമേരിക്കൻ മാധ്യമങ്ങൾക്കായിരുന്നു. ഫുട്ബാളിന്‍റെ ഹൃദയഭൂമിയെന്നപോലെ ബ്രസീൽ, അർജന്‍റീന, ഉറുഗ്വായ്, മെക്സികോ, പെറു, എക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നിരവധി മാധ്യമങ്ങളുടെ പങ്കാളിത്തം.
കൊളംബിയ യോഗ്യത നേടിയില്ലെങ്കിലും ഖത്തർ ലോകകപ്പ് ഒന്നാന്തരമാവുമെന്നായിരുന്നു കൊളംബിയക്കാരൻ അർതുറോ ഡിമാസിന്‍റെ അഭിപ്രായം. എക്വഡോറിലെ റേഡിയോ കരാവനയുടെ ഫുട്ബാൾ റിപ്പോർട്ടറായാണ് ആന്ദ്രെ പോൻസിയെത്തിയത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ കളിക്കാൻ തങ്ങളുടെ രാജ്യത്തിന് അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു അദ്ദേഹം.
ബ്രസീലിയൻ ചാനലായ എസ്.ബി.ടിയുടെ ലേഖകൻ ജോ ഇത്തവണ യൂറോപ്യൻ ടീം കപ്പ് സ്വന്തമാക്കുമെന്ന പക്ഷക്കാരനാണ്. ഇന്ത്യ എന്ന് ലോകകപ്പ് കളിക്കുമെന്നായിരുന്നു സ്വിറ്റ്സർലൻഡുകാരനായ അലക്സാണ്ടർ ജിയാനിയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.