‘ഇങ്ങനെയാണെങ്കിൽ ഞങ്ങളെ എവിടേക്കും അയക്കരുത്’; സൗദിയോട് തോറ്റ് പുറത്തായതിന് പിന്നാലെ വിമർശനവുമായി സ്റ്റിമാക്
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് പ്രീ ക്വാർട്ടറിൽ സൗദി അറേബ്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ വിമർശനവുമായി ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്. ഇന്ത്യൻ സൂപർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ താരങ്ങളെ വിട്ടുനൽകില്ലെന്ന് ചില ക്ലബുകൾ നിലപാടെടുത്തതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. ഇതുകാരണം ടീം സെലക്ഷന് ഏറെ സമയമെടുക്കുകയും ചൈനയിലേക്ക് തിരിക്കുംമുമ്പ് ആവശ്യമായ പരിശീലനത്തിന് സമയം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു സ്റ്റിമാക്കിന്റെ പ്രതികരണം.
‘ഈ ടൂർണമെന്റിൽ നിന്നുള്ള വലിയ പാഠം ഇതാണ് -രാജ്യത്തെ പ്രതിനിധീകരിക്കാൻ നമ്മുടെ മികച്ച കളിക്കാരെ കിട്ടുന്നില്ലെങ്കിൽ ഞങ്ങളെ എവിടേക്കും അയക്കരുത്. ഞങ്ങൾക്ക് ജോലി ചെയ്യാനും നന്നായി തയാറെടുക്കാനും സമയം നൽകാൻ കഴിയില്ലെങ്കിൽ ഞങ്ങളെ എവിടേക്കും അയക്കരുത്. ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ ഞങ്ങൾ ഇവിടെ തുറന്നുകാട്ടപ്പെട്ടു. ഒരുമിച്ച് ഒരു പരിശീലന സെഷൻ പോലും കളിക്കാതെ, തയാറെടുക്കാതെ ഇവിടെയെത്തി നന്നായി കളിച്ച ഈ താരങ്ങളെ ഓർത്ത് ഇന്ത്യൻ ആരാധകർക്ക് അഭിമാനിക്കാം’ റേവ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സ്റ്റിമാക് പറഞ്ഞു.
ആതിഥേയരായ ചൈനക്കെതിരായ ആദ്യ മത്സരത്തിൽ 5-1ന് തോൽവി ഏറ്റുവാങ്ങിയായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയും മൂന്നാം മത്സരത്തില്‍ മ്യാന്മറിനെതിരെ സമനില പിടിച്ചും രണ്ടാമന്മാരായണ് പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചത്. എന്നാൽ, പ്രീ ക്വാർട്ടറിൽ സൗദിയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോൽക്കുകയായിരുന്നു. മുഹമ്മദ് ഖലീൽ മറാൻ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.