ഉത്തേജകം ഉപയോഗിച്ചെന്ന് സംശയം; പോഗ്ബക്ക് താൽക്കാലിക സസ്പെൻഷൻ
text_fieldsഉത്തേജക വിരുദ്ധ പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് സസ്പെൻഷൻ. പരിശോധനയിൽ അമിതമായ അളവിൽ ടെസ്റ്റോസ്റ്റിറോൺ കണ്ടെത്തിയെന്നാണ് ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണൽ (നാഡോ) പറയുന്നത്.
ആഗസ്റ്റ് 20ന് ഉദിനീസിനെതിരെ 3-0ത്തിന് യുവന്റസ് ജയിച്ച മത്സരത്തിന് ശേഷമാണ് പരിശോധന നടന്നത്. മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലായിരുന്ന പോഗ്ബെ കളത്തിലിറങ്ങിയിരുന്നില്ല. ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാൽ താരത്തിന് രണ്ട് മുതൽ നാല് വർഷം വരെ വിലക്ക് ലഭിച്ചേക്കും. നാഡോയുടെ പരിശോധന ഫലത്തിനെതിരെ തന്റെ വാദം സമർപ്പിക്കാൻ പോഗ്ബക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
2022 ജൂലൈയിലാണ് നാല് വർഷത്തെ കരാറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പോഗ്ബ യുവന്റസിൽ എത്തുന്നത്. പരിക്ക് വലക്കുന്ന താരത്തിന് ഈ സീസണിൽ ബൊലോഗ്നക്കും എംപോളിക്കും എതിരായ രണ്ട് മത്സരങ്ങളിലായി 51 മിനിറ്റ് മാത്രമാണ് കളത്തിലിറങ്ങാനായത്. പരിക്കിനെ തുടർന്ന് ഖത്തർ ലോകകപ്പ് അടക്കം താരത്തിന് നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.