ബയേണിനെ മലർത്തിയടിച്ച് ഡോട്ട്മുണ്ട്, ജയം പിടിച്ച് ബാഴ്സലോണ; സമനിലയിൽ കുരുങ്ങി യുനൈറ്റഡും ചെൽസിയും
text_fieldsമ്യൂണിക്: ജർമൻ ബുണ്ടസ് ലിഗയിൽ കിരീടം നിലനിർത്താമെന്ന ബയേൺ മ്യൂണിക്കിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. അലയൻസ് അറീനയിലെ സ്വന്തം കാണികൾക്ക് മുന്നിൽ ബയേൺ എതിരില്ലാത്ത രണ്ട് ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് തോൽവി ഏറ്റുവാങ്ങി. പത്താം മിനിറ്റിൽ കരിം അഡെയേമിയിലൂടെ ലീഡ് പിടിച്ച സന്ദർശകരുടെ വിജയം ഉറപ്പിച്ച് 83ൽ ജൂലിയൻ റയർസണും സ്കോർ ചെയ്തു. 27 മത്സരങ്ങൾ പൂർത്തിയായപ്പോൾ 60 പോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് ചാമ്പ്യന്മാർ. അതേസമയം, ഒന്നാം സ്ഥാനക്കാരായ ബയേർ ലെവർകുസെൻ 2-1ന് ഹോഫെൻഹെയിമിനെ തോൽപിച്ച് സമ്പാദ്യം 73 പോയന്റായി വർധിപ്പിച്ചു. സ്റ്റട്ട്ഗർട്ടും (56) ഡോർട്ട്മുണ്ടുമാണ് (53) മൂന്നും നാലും സ്ഥാനങ്ങളിൽ.
റഫീഞ്ഞ ഗോളിൽ ബാഴ്‌സലോണ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് ജയം. 59ാം മിനിറ്റിൽ റഫിഞ്ഞ നേടിയ ഗോളിൽ ലാസ് പാൽമാസിനെയാണ് തോൽപിച്ചത്. റയൽ മഡ്രിഡിന് (72) പിന്നിൽ 67 പോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് കറ്റാലൻസ്. മറ്റു മത്സരങ്ങളിൽ ഒസാസുന 3-0ത്തിന് അൽമേരിയയെയും സെവിയ്യ 1-0ത്തിന് ഗെറ്റാഫയെയും തോൽപിച്ചപ്പോൾ വലൻസിയയും മയ്യോർകയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ആതിഥേയരായ ബ്രെന്റ്ഫോർഡ് 1-1 സമനിലയിൽ തളച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ചെൽസി-ബേൺലി മത്സരം 2-2ൽ കലാശിച്ചു. ചെൽസിക്കായി കോൾ പാൾമർ പെനാൽറ്റിയടക്കം ഇരട്ട ഗോൾ നേടി. ടോട്ടൻഹാം 2-1ന് ലൂട്ടൻ ടൗണിനെയും ആസ്റ്റൻ വില്ല 2-0ത്തിന് വൂൾവ്സിനെയും ന്യൂകാസിൽ 4-3ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും ബ്യൂണേമൗത്ത് 2-1ന് എവർട്ടണെയും തോൽപിച്ചു. നോട്ടിങ്ഹാം-ക്രിസ്റ്റൽ പാലസ് മത്സരം 1-1നും ഷെഫീൽഡ്-ഫുൾഹാം കളി 3-3നും സമനിലയിൽ കലാശിച്ചു. ആഴ്സനൽ (64) നയിക്കുന്ന പോയന്റ് പട്ടികയിൽ ലിവർപൂൾ (64), മാഞ്ചസ്റ്റർ സിറ്റി (63), ആസ്റ്റൻ വില്ല (59), ടോട്ടൻഹാം (56), മാഞ്ചസ്റ്റർ യുനൈറ്റഡ് (48) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.