ഡബിൾ ഡയമാന്റകോസ്; സമനിലയിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ തിരിച്ചുവരവ്
text_fieldsകൊച്ചി: തിങ്ങിനിറഞ്ഞ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ആരാധകർക്ക് ഗോളുത്സവം സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോളം പോന്ന സമനില. ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങുകയും ഒരുഘട്ടത്തിൽ 3-1ന് പിന്നിട്ടുനിൽക്കുകയും ചെയ്ത ടീം അത്യുജ്വല തിരിച്ചുവരവിലൂടെ സ്വന്തം മണ്ണിൽ വിലപ്പെട്ട സമനില പിടിച്ചുവാങ്ങുകയായിരുന്നു.
മത്സരം തുടങ്ങിയയുടൻ ഗാലറിയെ നിശ്ശബ്ദമാക്കി റഹിം അലി ബ്ലാസ്റ്റേഴ്സിന്റെ വലയിൽ പന്തെത്തിച്ചു. റഫേൽ ക്രിവെലാരൊ എടുത്ത ഫ്രീകിക്ക് റഹീം അലി ബാക്ക് ഫ്ലിക്കിലൂടെ വലക്കകത്താക്കുകയായിരുന്നു. എന്നാൽ, പതിനൊന്നാം മിനിറ്റിൽ പെപ്രയെ എതിർ താരം വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ഡയമാന്റകോസ് ബ്ലാസ്റ്റേഴ്സിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ആതിഥേയരുടെ ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല. രണ്ട് മിനിറ്റിനകം ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജോർദൻ മറെ വലയിലെത്തിച്ച് വീണ്ടും ലീഡ് സമ്മാനിച്ചു. 24ാം മിനിറ്റിൽ ജോർദൻ വീണ്ടും ഗോളടിച്ചതോടെ ബ്ലാസ്റ്റേഴ്സ് പതറി. എന്നാൽ, 38ാം മിനിറ്റിൽ ക്വാമി പെപ്രയുടെ ബോക്സിന് പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ട് ചെന്നൈയിൻ ഗോളിയെ കീഴടക്കിയതോടെ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം പകുതി അവസാനിപ്പിച്ചത്.
59ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമാന്റകോസ് വീണ്ടും രക്ഷകനായി അവതരിച്ചു. ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ട് ഗോളിക്ക് ഒരവസരവും നൽകാതെ പോസ്റ്റിനുള്ളിൽ കയറുകയായിരുന്നു. ശേഷം വിജയഗോളിനായി ഇരുനിരയും പോരാടിയെങ്കിലും ഫലമുണ്ടായില്ല. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വിജയഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും ലൂണക്ക് പകരക്കാരനായെത്തിയ ദെയ്സുകെ സകായിക്ക് ഡയമാന്റകോസ് നൽകിയ മനോഹര പാസ് താരം നഷ്ടപ്പെടുത്തി. ഇതോടെ വിലപ്പെട്ട രണ്ട് പോയന്റും നഷ്ടമായി.
എതിർ പോസ്റ്റ് ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് 15 ഷോട്ടുകളുതിർത്തപ്പോൾ ചെന്നൈയിന്റേത് ഒമ്പതിലൊതുങ്ങി. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സാണ് 17 പോയന്റുമായി നിലവിൽ ഒന്നാമത്. ആറ് മത്സരങ്ങളിൽ 16 പോയന്റുമായി എഫ്.സി ഗോവ തൊട്ടുപിന്നിലുണ്ട്. നാല് കളികളിൽ സമ്പൂർണ ജയത്തോടെ മോഹൻ ബഗാൻ മൂന്നാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.