ഡബിളടിച്ച് വിനീഷ്യസ്; റയൽ-ബയേൺ ആദ്യപോര് സമനിലയിൽ
text_fieldsമ്യൂണിക്: ചാമ്പ്യൻസ് ലീഗ് സെമിയിലെ ആദ്യപാദത്തിൽ സമനിലയിൽ പിരിഞ്ഞ് റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും. ബയേൺ തട്ടകമായ അലയൻസ് അരീനയിൽ ഒപ്പത്തിനൊപ്പം പോരടിച്ച ഇരുനിരയും സ്കോറിലും തുല്യത പാലിക്കുകയായിരുന്നു. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ നേടിയപ്പോൾ ലിറോയ് സാനെയും ഹാരി കെയ്നുമാണ് ജർമൻകാർക്കായി വല കുലുക്കിയത്.
ആദ്യ 20 മിനിറ്റിൽ കളി വരുതിയിലാക്കിയ ബയേണിനായി ഗോളടിക്കാനുള്ള സുവർണാവസരങ്ങൾ ലിറോയ് സാനെയും ഹാരികെയ്നും നഷ്ടമാക്കി. പതിയെ താളം കണ്ടെത്തിയ റയൽ മാഡ്രിഡിന് 24ാം മിനിറ്റിൽ അതിന്റെ ഫലവും ലഭിച്ചു. ടോണി ക്രൂസ് ബയേൺ താരങ്ങൾക്കിടയിലൂടെ നീട്ടിയടിച്ചുനൽകിയ പെർഫക്ട് പാസ് പിടിച്ചെടുത്ത വിനീഷ്യസ് തടയാനെത്തിയ മാനുവൽ ന്യൂയറുടെ കാലിന് മുകളിലൂടെ വലയിലെത്തിച്ചതോടെ അതുവരെ ആർത്തുവിളിച്ച സ്റ്റേഡിയം നിശ്ശബ്ദമായി. തുടർന്ന് തിരിച്ചടിക്കാനുള്ള ബയേണിന്റെ ശ്രമവും ലീഡ് ഇരട്ടിപ്പിക്കാനുള്ള റയലിന്റെ മുന്നേറ്റവും ആദ്യ പകുതിയെ ചൂടുപിടിപ്പിച്ചെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല.
എന്നാൽ, രണ്ടാം പകുതിയിൽ നാല് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ബയേൺ സ്പെയിൻകാരെ ഞെട്ടിച്ചു. 53ാം മിനിറ്റിൽ ലെയ്മർ നൽകിയ പാസ് സ്വീകരിച്ച ലിറോയ് സാനെ എതിർ താരങ്ങളെ കബളിപ്പിച്ച് മനോഹരമായി ഫിനിഷ് ചെയ്തതോടെ സ്കോർ 1-1. ഇതിന്റെ ആരവമടങ്ങുംമുമ്പ് അടുത്ത ഗോളുമെത്തി. ജമാൽ മുസിയാലയെ ലൂകാസ് വാസ്കസ് ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റിയിലേക്ക് വിസിലൂതി. കിക്കെടുത്ത ഹാരി കെയ്ൻ അനായാസം ലക്ഷ്യം കണ്ടതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു.
തുടർന്ന് ടോണി ക്രൂസിന്റെയും വിനീഷ്യസിന്റെയും ഷോട്ടുകൾ മാനുവൽ നോയർ തട്ടിത്തെറിപ്പിച്ചതോടെ കളി ജർമൻകാർ പിടിച്ചെന്ന് തോന്നിച്ചെങ്കിലും നിശ്ചിത സമയം അവസാനിക്കാൻ ഏഴ് മിനിറ്റ് ശേഷിക്കെ റയലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഫലം നിർണയിച്ചു. ബയേൺ പ്രതിരോധ താരം കിം മിൻ ജേ ബോക്സിൽ റോഡ്രിഗോയെ വീഴ്ത്തിയതിനായിരുന്നു ശിക്ഷ. കിക്കെടുത്ത വിനീഷ്യസ് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പന്ത് പോസ്റ്റിനുള്ളിലാക്കി. അവസാന മിനിറ്റുകളിൽ വിജയഗോളിനായി ഇരുനിരയും ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല. അടുത്ത ബുധനാഴ്ച റയൽ മാഡ്രിഡ് തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് രണ്ടാംപാദ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.