ലാമിൻ യമാലിന് ഇരട്ട ഗോൾ; ഗ്രനഡയോട് സമനിലയിൽ രക്ഷപ്പെട്ട് ബാഴ്സലോണ
text_fieldsസ്പാനിഷ് ലാലിഗയിൽ ഗ്രനഡയോട് സമനിലയിൽ രക്ഷപ്പെട്ട് ബാഴ്സലോണ. കൗമാര താരം ലാമിൻ യമാലിന്റെ ഇരട്ട ഗോളുകളാണ് ബാഴ്സയെ തോൽവിയിൽനിന്ന് രക്ഷിച്ചത്. സമനിലയിൽ കുരുങ്ങിയതോടെ ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡുമായി ബാഴ്സയുടെ പോയന്റ് വ്യത്യാസം പത്തായി. 24 മത്സരങ്ങളിൽ 61 പോയന്റുള്ള റയലിന് പിന്നിൽ 56 പോയന്റുമായി ജിറോണയാണ് രണ്ടാമത്. ബാഴ്സക്ക് 51 പോയന്റ് മാത്രമാണുള്ളത്.
മത്സരത്തിൽ പന്തടക്കത്തിൽ ബാഴ്സ മേധാവിത്തം പുലർത്തിയെങ്കിലും അവസരങ്ങളൊരുക്കുന്നതിൽ ഇരുനിരയും ഒപ്പത്തിനൊപ്പമായിരുന്നു. 13ാം മിനിറ്റിൽ ലാമിൻ യമാൽ വലതുവിങ്ങിലൂടെ മുന്നേറി നൽകിയ ക്രോസിന് ലെവൻഡോവ്സ്കി കാൽ വെച്ചെങ്കിലും എത്തിപ്പിടിക്കാനായില്ല. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ യമാൽ തന്നെ ബാഴ്സയെ മുന്നിലെത്തിച്ചു. ഇടതുവിങ്ങിൽനിന്ന് കാൻസലോ നൽകിയ ക്രോസ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 40ാം മിനിറ്റിൽ ബാഴ്സ ലീഡ് ഇരട്ടിപ്പിച്ചെന്ന് ഉറപ്പിച്ചതായിരുന്നു. ഗുണ്ടോഗൻ നൽകിയ മനോഹര ക്രോസ് ലെവൻഡോവ്സ്കി ഗോളിയില്ലാ പോസ്റ്റിലേക്ക് തട്ടിയിട്ടെങ്കിലും എതിർ പ്രതിരോധതാരം ഗോൾലൈൻ സേവിലൂടെ വിലങ്ങുനിന്നു.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഗ്രനഡ സമനില ഗോൾ നേടി. വലതുവിങ്ങിൽനിന്ന് ഫകുണ്ടോ പെല്ലിസ്ട്രി നൽകിയ ക്രോസ് റിക്കാർഡ് സാഞ്ചസ് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 60ാം മിനിറ്റിൽ പെല്ലിസ്ട്രി ഗ്രനഡക്ക് ലീഡും സമ്മാനിച്ചു. ബാഴ്സ ഗോൾമുഖത്തെത്തിയ പന്ത് ക്ലിയർ ചെയ്യാനുള്ള പ്രതിരോധ താരത്തിന്റെ ശ്രമം പരാജയപ്പെട്ടതോടെ പന്ത് പിടിച്ചെടുത്ത ഉസുനി പെല്ലിസ്ട്രിക്ക് പാസ് കൈമാറുമ്പോൾ ഒഴിഞ്ഞ പോസ്റ്റിലേക്ക് കാൽ വെച്ചുകൊടുക്കേണ്ട ദൗത്യമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, മൂന്ന് മിനിറ്റിനകം ബാഴ്സ തിരിച്ചടിച്ചു. ഗുണ്ടോഗൻ വെച്ചുനൽകിയ പന്ത് ലെവൻഡോവ്സ്കി പിഴവില്ലാതെ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഉടൻ ഗ്രനഡ ലീഡ് തിരിച്ചുപിടിച്ചു. മഊസ നൽകിയ ക്രോസ് ഇഗ്നാസി മിക്വേൽ ഹെഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോൾ ബാഴ്സ ഗോൾകീപ്പറുടെ കൈയിലുരസിയ പന്ത് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു. തോൽവി മുന്നിൽകണ്ടുനിൽക്കെ 80ാം മിനിറ്റിൽ ലാമിൻ യമാൽ വീണ്ടും അവതരിച്ചു. എതിർ പ്രതിരോധ താരത്തിൽനിന്ന് തട്ടിയെടുത്ത പന്ത് തകർപ്പൻ ലോങ് റേഞ്ച് ഷോട്ടിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.