ബ്ലാസ്റ്റേഴ്സിന് ഇൻജുറി ഷോക്ക്! ബംഗളൂരുവിനോട് തോറ്റ് ഡ്യൂറൻഡ് കപ്പിൽ സെമി കാണാതെ പുറത്ത്
text_fieldsകൊൽക്കത്ത: ഏകപക്ഷീയമായി പോയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒറ്റ ഗോളിന് മടക്കി ബംഗളൂരു എഫ്.സി ഡ്യൂറൻഡ് കപ്പ് സെമിയിൽ. പെരേര ഡയസ് ആണ് സ്കോറർ. ആദ്യ ക്വാർട്ടറിൽ പഞ്ചാബിനെ മടക്കിയ മോഹൻ ബഗാനാണ് ബംഗളൂരുവിന് എതിരാളികൾ.
നാട്ടുകാരായ മുഹമ്മദൻ സ്പോർട്ടിങ്ങും ഇന്ത്യൻ നേവിയുമടക്കം കരുത്തരെ വീഴ്ത്തി എത്തിയ ബംഗളൂരുവും മുംബൈ സിറ്റി, സി.ഐ.എസ്.എഫ് ടീമുകളെ കടന്നെത്തിയ കേരള ടീമും തമ്മിലെ പോരാട്ടത്തിൽ മുന്നിൽനിന്നത് ബംഗളൂരുവാണ്. സൂപർ സ്ട്രൈക്കർ ഛേത്രിയെ പുറത്തിരുത്തി കളി തുടങ്ങിയ ബംഗളൂരു പന്തടക്കത്തിലും ആക്രമണങ്ങളിലും തുടക്കം മുതൽ മേൽക്കൈ നിലനിർത്തി. ഒന്നാം മിനിറ്റിൽ തന്നെ ബംഗളൂരു മുന്നേറ്റം കണ്ടാണ് മൈതാനമുണർന്നത്. ഗോളി സോം കുമാർ അപകടമൊഴിവാക്കിയെങ്കിലും സോം കുമാർ പരിക്കേറ്റുവീണത് ആശങ്കയുണർത്തി. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ താരം നോഹ് സദാഊയിയുടെ മുന്നേറ്റം കാര്യമായ ഭീഷണി സൃഷ്ടിച്ചില്ല. പതിയെ പുരോഗമിച്ച കളിയിൽ വലിയ ഗോൾനീക്കങ്ങൾ കാണാതെ ആദ്യ പകുതി അവസാനിച്ചു.
സ്വന്തം ഗോൾമുഖത്ത് നിറഞ്ഞുനിന്ന പന്തിനെയും എതിർ താരങ്ങളെയും മെരുക്കിയെടുക്കാൻ പണിപ്പെട്ട മഞ്ഞപ്പടക്കെതിരെ ഒരു പിടി അവസരങ്ങളുമായി ഇടവേളക്കു ശേഷവും ബംഗളൂരു മുന്നിൽനിന്നു. ഇതിനിടെ ചിലപ്പോഴെങ്കിലും ബ്ലാസ്റ്റേഴ്സും എതിർവലക്കരികെ ആധി പടർത്തുന്നത് കണ്ടെങ്കിലും ലക്ഷ്യം മറന്ന നീക്കങ്ങൾ എവിടെയുമെത്താതെ മടങ്ങി. സുവർണാവസരങ്ങളിൽ ചിലത് ഗോളാക്കിയിരുന്നെങ്കിൽ ബംഗളൂരു വിജയം കൂടുതൽ ഉയർന്ന മാർജിനിൽ ആയേനെ.
ആദ്യാവസാനം അവസരങ്ങൾ തുറന്ന് കളി നയിച്ച പെരേര ഡയസ് തന്നെയായിരുന്നു കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഗോളുമായി ടീമിനെ സെമിയിലെത്തിച്ചത്. ബ്ലാസ്റ്റേഴ്സ് മുഖത്ത് കേന്ദ്രീകരിച്ച പന്തിൽ അവസാന വിസിലിന് തൊട്ടുമുമ്പ് പിറന്ന കോർണറാണ് കളിയുടെ വിധി നിർണയിച്ചത്. ഫനായ് എടുത്ത കിക്ക് ലഭിച്ചത് ഛേത്രിക്ക്. താരം കൈമാറിയ പന്ത് കാലിന് കണക്കാക്കിയെത്തിയത് വലയിലെത്തിക്കാൻ ഡയസിന് തെല്ലും പ്രയാസമുണ്ടായില്ല. തകർപ്പൻ ഷോട്ടിൽ ഗോളിയെ കാഴ്ചക്കാരനാക്കി വലയുടെ മോന്തായം തുളച്ചാണ് പന്ത് വിശ്രമിച്ചത്.
സഡൻ ഡെത്തിൽ ബഗാൻ സെമിയിൽ
കൊൽക്കത്ത: നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഡ്യൂറന്റ് കപ്പ് സെമിയിൽ. സഡൻ ഡെത്ത് വിധി നിർണയിച്ച മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ വീഴ്ത്തിയാണ് കിരീടത്തുടർച്ചയിലേക്ക് കൊൽക്കത്തൻ അതികായർ ഒരു ചുവടുകൂടി അടുത്തത്. പതിവു സമയത്ത് ഇരുടീമും മൂന്ന് ഗോൾ വീതം നേടി ഒപ്പം നിന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. തുടക്കം ക്രോസ്ബാറിലിടിച്ച് ബഗാൻ ആദ്യ കിക്ക് പാഴാക്കിയെങ്കിൽ പഞ്ചാബ് അവസാന കിക്കും പാഴാക്കി. സഡൻ ഡെത്തിൽ ആദ്യ കിക്ക് ഇരുവരും ലക്ഷ്യത്തിലെത്തിച്ചെത്തിച്ചെങ്കിലും അടുത്ത കിക്കിൽ കളി തീരുമാനമായി. പഞ്ചാബ് താരത്തിന്റെ കിക്ക് ബഗാൻ ഗോളി തടുത്തിട്ടപ്പോൾ ബഗാനുവേണ്ടി ആൽഡ്രഡ് വല കുലുക്കി ടീമിനെ അവസാന നാലിലെത്തിക്കുകയായിരുന്നു. ആഗസ്റ്റ് 27ന് സാൾട്ട് ലേക് മൈതാനത്താകും സെമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.