ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് സമനില; ഗ്രൂപ്പിൽ ഒന്നാമത്
text_fieldsകൊൽക്കത്ത: ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആവേശ പോരിനൊടുവിൽ പഞ്ചാബ് എഫ്.സിയുമായി 1-1 എന്ന സ്കോറിൽ പിരിയുകയായിരുന്നു.
കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പിന്നിൽപോയ ശേഷമാണ് മഞ്ഞപ്പട സമനില നേടിയത്. ലൂക്കാ മജ്സെനിലൂടെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3ാം മിനിറ്റിൽ) പഞ്ചാബാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ മുഹമ്മദ് അയ്മനാണ് (56ാം മിനിറ്റിൽ) ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടിയത്. ബോക്സിന്‍റെ ഇടതുവിങ്ങിൽനിന്ന് പെപ്ര നൽകിയ ക്രോസ് അയ്മന് വലയിലേക്ക് തിരിച്ചുവിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ വിജയഗോളിനായി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പലതും നിർഭാഗ്യം കൊണ്ട് മാത്രമാണ് വലയിലേക്ക് കയറാതിരുന്നത്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. എന്നാൽ, മൂന്നു ഷോട്ടുകൾ മാത്രമാണ് ടാർഗറ്റിലേക്ക് പോയത്. ഈമാസം 10ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ദുർബലരായ സി.ഐ.എസ്.എഫ് പ്രൊടക്ടേഴ്സാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.
നിലവിൽ നാലു പോയന്റുമായി ബ്ലാസ്റ്റേഴ്സാണ് ഒന്നാമത്. പഞ്ചാബിനും നാലു പോയന്‍റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കമാണ് തുണയായത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. സെമിയിലെത്താൻ അടുത്ത മത്സരത്തിൽ വിജയം നിർണായകമാണ്. പഞ്ചാബിനും ഒരു മത്സരം ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.