ഈ ചരിത്രജയം വയനാടിന്! മുംബൈയെ ഗോൾമഴയിൽ മുക്കി കേരള ബ്ലാസ്റ്റേഴ്സ് (8-0)
text_fieldsകൊല്‍ക്കത്ത: ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രജയം. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിലിറങ്ങിയ മഞ്ഞപ്പട മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടുഗോളുകൾക്കാണ് തരിപ്പണമാക്കിയത്.
ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്രയും സീസണിൽ ടീമിനൊപ്പം ചേർന്ന നോഹ് സദോയിയും ഹാട്രിക്കുമായി തിളങ്ങി. പകരക്കാരനായിറങ്ങിയ ഇഷാൻ പണ്ഡിത ഇരട്ട ഗോളും നേടി. ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തിൽ ഒരു ടൂർണമെന്‍റിൽ നേടുന്ന ഏറ്റവും വലിയ വിജയമാണ് ടീം കൊൽക്കത്തയിൽ കുറിച്ചത്. ഡ്യൂറൻഡ് കപ്പിലെയും ഏറ്റവും വലിയ വിജയം. 1889 ഡ്യൂറൻഡ് കപ്പ് ഫൈനലിൽ ഹൈലാൻഡ് ലൈറ്റ് ഇൻഫാൻട്രി 8-0 എന്ന സ്കോറിന് ഷിംല റൈഫിൾസിനെ പരാജയപ്പെടുത്തിയിരുന്നു. മുംബൈക്കായി റിസര്‍വ് ടീമാണ് കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സിന്‍റെ ആധിപത്യമായിരുന്നു.
വയനാട്ടിലെ ഉരുൾ ദുരിതബാധിതർക്ക് ഐക്യദാർഢ്യം അറിയിച്ച് കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് മഞ്ഞപ്പട കളത്തിലിറങ്ങിയത്. ഗോളടിച്ച ശേഷം ബാൻഡ് ഗാലറിയെ കാണിച്ചായിരുന്നു ടീമിന്റെ ആഘോഷം. സീസണിൽ മഞ്ഞപ്പടയുടെ സൂപ്പർ സൈനിങ്ങാണ് താനെന്ന് ആരാധകരോട് വിളിച്ച് പറയുന്നതായിരുന്നു സദോയിയുടെ അരങ്ങേറ്റ ഹാട്രിക്ക്. 39, 45, 76 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. 32, 50, 53 മിനിറ്റുകളിലാണ് പെപ്ര ഗോളുകൾ നേടിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്കേറ്റ് പുറത്തായ പെപ്ര തിരിച്ചുവരവ് ഗംഭീരമാക്കി.
ആഡ്രിയാൻ ലൂണയാണ് ടീമിനെ നയിച്ചത്. കഴിഞ്ഞ സീസണില്‍ വലിയ അവസരങ്ങള്‍ ലഭിക്കാതിരുന്ന പണ്ഡിത 86, 87 മിനിറ്റുകളിലും വലകുലുക്കി. നിരന്തരം മുന്നേറ്റങ്ങളുമായി മുംബൈ ഗോൾമുഖം ബ്ലാസ്റ്റേഴ്സ് വിറപ്പിച്ചു. മത്സരത്തിൽ 65 ശതമാനവും പന്ത് കൈവശം വെച്ച ബ്ലാസ്റ്റേഴ്സ്, 25 ഷോട്ടുകളാണ് ഗോളിലേക്ക് തൊടുത്തത്. ഇതിൽ 13 എണ്ണം ടാർഗറ്റിലേക്കും.
12 കോർണർ കിക്കുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിൽ ലഭിച്ചത്. ആഗസ്റ്റ് നാലിന് പഞ്ചാബ് എഫ്.സിയെയും 10ന് സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്സ് എഫ്.സിയെയും ബ്ലാസ്റ്റേഴ്സ് നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.