ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സിന് തോൽവി
text_fieldsഗുവാഹതി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട ഭേദിച്ച് രണ്ടു തവണ നിറയൊഴിച്ച ഒഡിഷ എഫ്.സിക്ക് ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ തുടർച്ചയായ രണ്ടാം ജയം. ചൊവ്വാഴ്ച ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ഡി മത്സരത്തിന്റെ 51ാം മിനിറ്റിൽ ഐസക് വൻമാൽസോമയും 73ൽ സോൾ പെഡ്രോയുമാണ് ഗോളുകൾ സ്കോർ ചെയ്തത്. ആദ്യ കളിയിൽ സുദേവ ഡൽഹിയോട് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് തോൽവിയോടെ ഗ്രൂപ്പിൽ നാലാം സ്ഥാനത്തേക്കു വീണു. ആറു പോയന്റുമായി ഒഡിഷയാണ് ഒന്നാമത്.
പതുക്കെയായിരുന്നു തുടക്കം. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലൂന്നി. ഒഡിഷയുടെ ഭാഗത്തുനിന്നുണ്ടായ ചില ഒറ്റപ്പെട്ട ആക്രമണങ്ങൾ ഡിഫൻഡർമാരും ഗോൾകീപ്പർ സചിൻ സുരേഷും ചെറുത്തു. 15ാം മിനിറ്റിൽ ജെറി മാവ്മിങ്താംഗയിലൂടെ ഒഡിഷ നടത്തിയ ശ്രമവും ഗോളിയുടെ മികവിൽ പരാജയം. ഇവർതന്നെയാണ് കൂടുതൽ പന്തടക്കം കാട്ടിയത്. വൻമാൽസോമയും ഇടക്കിടെ സചിനെ പരീക്ഷിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈം രണ്ടാം മിനിറ്റിൽ അരിത്ര ഫസ്റ്റ് ടച്ചിൽത്തന്നെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും പുറത്തേക്കു പോയി. രണ്ടാം പകുതിയുടെ തുടക്ക മിനിറ്റുകളിലധികവും മഞ്ഞപ്പടയുടെ കാലുകളിലായിരുന്നു പന്ത്. പെട്ടെന്ന് കളിയിലേക്കു തിരിച്ചുവന്ന ഒഡിഷയുടെ ശ്രമങ്ങൾ 51ാം മിനിറ്റിൽ വിജയംകണ്ടു.
പകരക്കാരൻ ഡീഗോ മൗറീസിയോയിൽനിന്ന് ബോക്സിന് മധ്യത്തിൽനിന്ന് പന്ത് സ്വീകരിച്ച വൻമാൽസോമ ദൗത്യം ഭംഗിയായി പൂർത്തിയാക്കി. ഒരു ഗോളിനു മുന്നിലായതോടെ ഒഡിഷ ആക്രമണത്തിന് മൂർച്ചകൂട്ടുന്നതാണ് കണ്ടത്.
73ാം മിനിറ്റിലെ കോർണർകിക്കും ഗോളിലെത്തി. മാവ്മിങ്താംഗ എടുത്ത കിക്ക് സഹതാരം ഉസാമ മാലിക്കിലൂടെ റീബൗണ്ട് ചെയ്തപ്പോൾ പെഡ്രോ അവസരം പാഴാക്കിയില്ല. രണ്ടു ഗോളിനു പിറകിലായിട്ടും കാര്യമായ പ്രത്യാക്രമണമൊന്നും ബ്ലാസ്റ്റേഴ്സ് ഭാഗത്തുനിന്നുണ്ടായില്ല. 85ാം മിനിറ്റിൽ മൗറീസിയോയിലൂടെ ഒഡിഷ മൂന്നാം ഗോളിനും ശ്രമിച്ചെങ്കിലും ഗോളി സചിൻ ഇടപെട്ടു. 90ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ അസ്ഹർ തൊടുത്ത ദീർഘദൂര അടിയും ലക്ഷ്യം മറന്നു.
എയർഫോഴ്സിനെ പറത്തി ബംഗളൂരു
കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഗ്രൂപ് എ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെതിരെ ബംഗളൂരുവിന് എതിരില്ലാത്ത നാലു ഗോൾ ജയം. എതിരാളികൾക്ക് ഒരവസരവും നൽകാതെയാണ് സുനിൽ ഛേത്രിയും സംഘവും തുടർച്ചയായ രണ്ടാം വിജയം ആഘോഷിച്ചത്. ഒമ്പതാം മിനിറ്റിൽ റോയ് കൃഷ്ണ അക്കൗണ്ട് തുറന്നു. കഴിഞ്ഞ മത്സരത്തിലും ഗോൾ നേടിയിരുന്നു താരം. 23ാം മിനിറ്റിൽ ഛേത്രിയുടെ വക. 71ാം മിനിറ്റിൽ ഫൈസൽ അലിയും കളി തീരാൻ നേരം (90+3) ശിവശക്തിയും സ്കോർ ചെയ്തതോടെ എയർഫോഴ്സിന്റെ പതനം പൂർണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.