ഡ്യൂറൻഡ് കപ്പ്: ഗോകുലം ക്വാർട്ടറിൽ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ
text_fieldsകൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിന്റെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വെള്ളിയാഴ്ച രണ്ട് മുൻ ചാമ്പ്യന്മാർ നേർക്കുനേർ. ഗോകുലം കേരള എഫ്.സി ഈസ്റ്റ് ബംഗാൾ എഫ്.സിയെ നേരിടും. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം ആറ് മുതലാണ് കളി. 2019ൽ ഗോകുലം കിരീടത്തിലേക്കുള്ള യാത്രയിൽ ഈസ്റ്റ് ബംഗാളിനെ സെമി ഫൈനലിൽ തോൽപിച്ചിരുന്നു. ഇപ്രാവശ്യം ഗോകുലം ഗ്രൂപ് സി ചാമ്പ്യന്മാരായിട്ടാണ് ക്വാർട്ടറിൽ എത്തിയത്. ഗ്രൂപ് എ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാളും കയറി.
അവസാന ഗ്രൂപ് മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് തോറ്റ ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെയും ഇന്ത്യൻ എയർ ഫോഴ്സിനെയും വീഴ്ത്തിയാണ് അവസാന എട്ടിലെത്തിയത്. “വലിയ ടീമിനെതിരെ, ഐ.എസ്.എൽ കളിക്കാർക്കെതിരെയും അവരുടെ നഗരത്തിലാണ് ഇറങ്ങുന്നത്. പക്ഷേ ഞങ്ങൾ ആവേശഭരിതരാണ്. പരമാവധി ചെയ്യാൻ ഞങ്ങൾ തയാറെടുക്കുകയാണെന്ന് ഗോകുലം മുഖ്യ പരിശീലകനായ ഡൊമിങ്ങോ ഒറാമാസ് പറഞ്ഞു. കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് ഈസ്റ്റ് ബംഗാൾ പരിശീലകൻ കാർലെസ് ക്വഡ്രാറ്റും വ്യക്തമാക്കി. നാവോറം മഹേഷ് സിങ്, നന്ദകുമാർ, സിവേരിയോ, സൗൾ ക്രെസ്പോ, ക്ലീറ്റൺ സിൽവ എന്നീ പ്രമുഖർ അടങ്ങിയതാണ് ആതിഥേയനിര. ശ്രീക്കുട്ടൻ, നൗഫൽ, നിലി പെർഡോമോ, അലക്സ് സാഞ്ചസ് എന്നിവരിലാണ് ഗോകുലം പ്രതീക്ഷകൾ.
നോർത്ത് ഈസ്റ്റ് സെമിയിൽ
ഗുവാഹതി: ഡ്യൂറൻഡ് കപ്പിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ആർമിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. 51ാം മിനിറ്റിൽ കോൻസം ഫാൽഗുനി സിങ് വിജയഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.