ഉറ്റബന്ധുവിനെ കുത്തിവീഴ്ത്തിയ ഡച്ച് ദേശീയ ഫുട്ബാളർക്ക് 18 മാസം തടവ്
text_fieldsആംസ്റ്റർഡാം: ഉറ്റബന്ധുവിനെ കുത്തിവീഴ്ത്തിയ നെതർലൻഡ്സ് ഫുട്ബാളർക്ക് 18 മാസം തടവ് വിധിച്ച് കോടതി. ആധുനിക ഫുട്ബാളിലെ അതികായരായ ഡച്ചു ടീമിനുവേണ്ടി 50 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ക്വിൻസി പ്രോമെസിനെയാണ് ആംസ്റ്റർഡാം ഡിസ്ട്രിക്ട് കോടതി ശിക്ഷ വിധിച്ചത്. ഡച്ച് ലീഗിൽ അയാക്സ്, സ്പാനിഷ് ലീഗിൽ സെവിയ്യ തുടങ്ങിയ വമ്പൻ ക്ലബുകൾക്ക് ബൂട്ടുകെട്ടിയ 31കാരൻ നിലവിൽ റഷ്യൻ കരുത്തരായ സ്പാർട്ടക് മോസ്കോയുടെ താരമാണ്. നെതർലൻഡ്സ് അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയ ക്വിൻസി ഓറഞ്ചുകുപ്പായത്തിൽ ദേശീയ സീനിയർ ടീമിനുവേണ്ടി 50 കളികളിൽനിന്ന് ഏഴു ഗോളുകൾ നേടിയിട്ടുണ്ട്.
ആംസ്റ്റർഡാമിൽ 2020 ജൂലൈയിൽ നടന്ന ഫാമിലി പാർട്ടിക്കിടെ തന്റെ കസിന്റെ കാലിന് കുത്തിയതിനാണ് പ്രോമെസിനെതിരെ കേസെടുത്തത്. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഭാഗമായി താരത്തിന്റെ ഫോൺ ചോർത്തുന്നതിനിടെയാണ് കത്തിക്കുത്ത് നടന്നതായ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്ന് അയാക്സിന്റെ താരമായിരുന്നു പ്രോമെസ്.
ഇത്തരം കേസുകളിൽ ഒരുവർഷം തടവാണ് സാധാരണ ശിക്ഷ വിധിക്കാറെങ്കിലും കുറ്റാരോപിതൻ പ്രൊഫഷനൽ ഫുട്ബാൾ കളിക്കാരനും ഡച്ച് സെലിബ്രിറ്റിയുമായതിനാൽ മാതൃകാപരമായ ശിക്ഷ വിധിക്കുകയായിരുന്നുവെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. രാജ്യത്തുള്ള നിയമം പ്രതിയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാൽ വിധിപ്പകർപ്പിൽ പ്രോമെസിന്റെ പേര് പരാമർശിച്ചിട്ടില്ല. എന്നാൽ, ഡച്ച് മീഡിയ ഏറെ പ്രാധാന്യപൂർവം കേസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2014 മാർച്ചിൽ ഫ്രാൻസിനെതിരെ സൗഹൃദ മത്സരത്തിലാണ് പ്രോമെസ് ഡച്ച് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം മേയിൽ ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയിൽ കോച്ച് ലൂയി വാൻ ഗാൽ ഉൾപ്പെടുത്തിയെങ്കിലും അന്തിമ 23 അംഗ ടീമിൽ ഉൾപ്പെടാൻ പ്രോമെസിന് കഴിഞ്ഞില്ല. 2016 ഒക്ടോബർ ഏഴിന് ബെലറൂസിനെതിരെയായിരുന്നു ഓറഞ്ചുകുപ്പായത്തിലെ ആദ്യഗോൾ. 2019ൽ നാഷൻസ് ലീഗ് സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ നെതർലൻഡ്സ് 3-1ന് വീഴ്ത്തിയപ്പോൾ ഒരു ഗോൾ പ്രോമെസിന്റെ ബൂട്ടിൽനിന്നായിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ കളിക്കേണ്ടതായിരുന്നു താരം. എന്നാൽ, ക്രിമിനൽ കേസിൽ വിചാരണ നേരിട്ടതോടെ ലോകകപ്പ് ടീമിൽ നിന്ന് പുറത്താവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.