ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ
text_fieldsകളിമികവിൽ മുന്നിൽനിന്നിട്ടും ജയം അകന്നുനിന്ന നാളുകൾക്കൊടുവിൽ കരുത്തരായ ഒഡിഷയെ തന്നെ വീഴ്ത്തി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സിന് പിന്നെയും സമനില. ഈസ്റ്റ് ബംഗാളാണ് ഓരോ ഗോൾ അടിച്ച് കേരളത്തെ ഒപ്പം പിടിച്ചത്.
തുടക്കം മുതൽ ആക്രമണം കൊഴുപ്പിക്കുകയെന്ന തന്ത്രവുമായി മൈതാനം നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു ആദ്യം എതിർവല ചലിപ്പിച്ചത്. വാസ്ക്വസ് 15ാം മിനിറ്റിൽ സ്കോർ ചെയ്തത് പക്ഷേ, റഫറി അസിസ്റ്റൻറുമാരുമായി നീണ്ട കൂടിയാലോചനകൾക്കൊടുവിൽ അനുവദിച്ചില്ല.
പതിയെ കളി പിടിച്ച ഈസ്റ്റ് ബംഗാൾ 37ാം മിനിറ്റിൽ സ്കോർ ചെയ്തു. രാജു ഗെയ്ക്വാദ് നൽകിയ പാസിൽ ടോമിസ്ലാവ് മിർസെല ആയിരുന്നു വല കുലുക്കിയത്. അതോടെ, തന്ത്രം തിരിച്ചറിഞ്ഞ ബ്ലാസ്റ്റേഴ്സ് ഏതുനിമിഷവും ഗോൾ നേടുമെന്നായി. 43ാം മിനിറ്റിൽ സിപോവിച്ചിനു പകരം അബ്ദുൽ ഹക്ക് വന്നു. അടുത്ത മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം വാസ്ക്വസ് അടിച്ച ഉശിരൻ ഷോട്ട് തലവെച്ച് രക്ഷപ്പെടുത്താനുള്ള മെർസലയുടെ ശ്രമം പാളിയപ്പോൾ നേരെ ചെന്നുപതിച്ചത് സ്വന്തം പോസ്റ്റിൽ. സ്കോർ: 1-1.
രണ്ടാം പകുതിയിൽ ഇരു ടീമുകളും കുറെക്കൂടി കരുതലും പ്രതിരോധവുമുറപ്പിച്ച് മൈതാനത്തിറങ്ങിയപ്പോൾ ഗോൾനീക്കങ്ങൾ കുറഞ്ഞു. ഉള്ളവയാകട്ടെ പ്രതിരോധ മതിലുകളിൽ തട്ടി വീണു. 79ാം മിനിറ്റിൽ വാസ്ക്വസിെൻറ കണ്ണഞ്ചും ഷോട്ട് അപകടം മണത്തെങ്കിലും പണിപ്പെട്ട് ഈസ്റ്റ് ബംഗാൾ ഗോളി തട്ടിയകറ്റി. അഞ്ചു മിനിറ്റ് അധിക സമയത്തും ഗോൾ പിറക്കാതെ വന്നതോടെ കളി സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.