ഗോൾ റെക്കോഡ് പുസ്തകത്തിലെ ‘സൂപ്പർ സബ്' പരിമൾ ഡേ ഓർമയായി
text_fieldsകൊൽക്കത്ത: 1966ലെ മെർദേക കപ്പ് ഹീറോയായ മുൻ രാജ്യാന്തര ഫുട്ബാൾ താരം പരിമൾ ഡേ (81) ഇനി ഓർമ. രോഗബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു അദ്ദേഹം. 1960, ’70കളിൽ ദേശീയ, അന്തർദേശീയ ഫുട്ബാളിൽ സജീവമായിരുന്നു പരിമൾ. 1966ൽ ക്വാലാലംപുരിൽ നടന്ന മെർദേക കപ്പിൽ രാജ്യത്തിന് വെങ്കലം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാൻ കൊറിയക്കെതിരെ നടന്ന കളിയിലെ ഏക ഗോൾ പരിമളിന്റെ വകയായിരുന്നു. അഞ്ച് തവണയാണ് അദ്ദേഹം ഇന്ത്യൻ ജഴ്സിയണിഞ്ഞത്. 1941 മേയ് നാലിനായിരുന്നു ജനനം.
ക്ലബ് തലത്തിൽ മുന്നേറ്റനിരക്കാരനായി ഈസ്റ്റ് ബംഗാളിനു വേണ്ടി 84 ഗോളുകൾ നേടി. 1966, 1970, 1973 വർഷങ്ങളിൽ താരത്തിനൊപ്പം ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഫുട്ബാൾ ലീഗും ഐ.എഫ്.എ ഷീൽഡും സ്വന്തമാക്കി. 1970ലെ ഐ.എഫ്.എ ഷീൽഡിൽ ഇറാൻ ക്ലബായ പി.എ.എസിനെതിരെ കുറിച്ച സൂപ്പർ സബ് ഗോൾ ഇന്നും റെക്കോഡ് പുസ്തകത്തിലുണ്ട്. പകരക്കാരനായിറങ്ങി നേടിയ അതിവേഗ ഗോളിനാണ് റെക്കോഡ്. രണ്ടുവട്ടം ഡ്യൂറൻഡ് കപ്പും മൂന്നു തവണ റോവേഴ്സ് കപ്പും പരിമളിന് നേട്ടമായുണ്ട്. ഈസ്റ്റ് ബംഗാൾ നായകനുമായിരുന്നു. സന്തോഷ് ട്രോഫിയിൽ പരിമൾ ഡേക്കൊപ്പം ബംഗാൾ 1962,1968 വർഷങ്ങളിൽ ജേതാക്കളായി. പിന്നീട് മോഹൻ ബഗാനിൽ കളിച്ച താരം റോവേഴ്സ് കപ്പ് നേടാൻ ടീമിനെ സഹായിച്ചു. 2019 ൽ പശ്ചിമ ബംഗാൾ സർക്കാർ ബംഗഭൂഷൺ പട്ടം നൽകി ആദരിച്ചു. നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.