രക്ഷകനായി മുഡ്രിക്; ചെൽസി ലീഗ് കപ്പ് സെമിയിൽ; ന്യൂകാസിലിനെ തകർത്തത് ഷൂട്ടൗട്ടിൽ (4-2)
text_fieldsമോശം ഫോമിലൂടെ കടന്നുപോകുന്ന ചെൽസി ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് കപ്പ് (കരാബാവോ കപ്പ്) സെമി ഫൈനലിൽ കടന്നു. ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ന്യൂകാസിൽ യുനൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് (4-2) നീലപ്പട ലീഗ് കപ്പിന്‍റെ അവസാന നാലിലെത്തിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. 16ാം മിനിറ്റിൽ കാളം വിത്സൺ നേടിയ ഗോളിലൂടെ ന്യൂകാസിൽ സെമിയിൽ കടന്നെന്ന് ആരാധകർ ഉറപ്പിച്ചിരിക്കെയാണ് രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+2) മൈക്കലോ മുഡ്രിക് ചെൽസിയെ മത്സരത്തിൽ ഒപ്പമെത്തിക്കുന്നത്.
പ്രതിരോധ താരത്തിന്‍റെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ഷൂട്ടൗട്ടിൽ ചെൽസിക്കായി ഷോട്ടെടുത്ത കോൾ പാൽമർ, കോനോർ ഗല്ലഗെർ, ക്രിസ്റ്റഫർ എൻകുങ്കു, മുഡ്രിക് എന്നിവരെല്ലാം ലക്ഷ്യംകണ്ടു. എന്നാൽ, വിത്സൺ, ബ്രൂണോ ഗ്വിമാരേസ് എന്നിവർ മാത്രമാണ് ന്യൂകാസിലിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ട്രിപ്പിയർ, മാറ്റ് റിച്ചി എന്നിവർ അവസരം നഷ്ടപ്പെടുത്തി.
ചാമ്പ്യൻസ് ലീഗിൽനിന്ന് നോക്കൗട്ട് കാണാതെ പുറത്തായതിനു പിന്നാലെയാണ് ന്യൂകാസിൽ ലീഗ് കപ്പിലും സെമി കാണാതെ പുറത്താകുന്നത്. ചെൽസിക്ക് മുന്നോട്ടുള്ള കുതിപ്പിന് വിജയം വലിയ ആത്മവിശ്വാസമാകും. നിലവിൽ പ്രീമിയർ ലീഗിൽ 10ാം സ്ഥാനത്താണ് ടീം. മറ്റൊരു ക്വാർട്ടറിൽ എവർട്ടണെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഫുൾഹാമും സെമിയിലെത്തി. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് പെനാൽറ്റിയിൽ വിധി നിർണയിച്ചത്. 7-6 എന്ന സ്കോറിനാണ് ഫുൾഹാമിന്‍റെ വിജയം.
പോർട്ട് വാലിയെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തി മിഡിൽസ്ബ്രോയും സെമി യോഗ്യത നേടി. ലിവർപൂൾ- വെസ്റ്റ് ഹാം മത്സരത്തിലെ വിജയികളും അവസാന നാലിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.