ഷൂട്ടൗട്ടിൽ തോറ്റ് ഈജിപ്ത് പുറത്ത്; വീണുടഞ്ഞ് സലാഹിന്റെ ‘ആഫ്കോൺ’ സ്വപ്നം
text_fieldsസാൻ പെഡ്രോ (ഐവറി കോസ്റ്റ്): ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ഈജിപ്ത് പുറത്തായതോടെ വീണുടഞ്ഞത് സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ സ്വപ്നം. ടൂർണമെന്റിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള സലാഹ് അവസാന മത്സരങ്ങളിൽ തിരിച്ചെത്തി ടീമിനെ കിരീടത്തിലേക്ക് നയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. നിശ്ചിത സമയവും അധികസമയവും 1-1ന് അവസാനിച്ച മത്സരം ഷൂട്ടൗട്ടിലെ നാടകീയതകൾക്കൊടുവിൽ 8-7ന് കോംഗോ ജയിച്ചുകയറുകയായിരുന്നു.
37ാം മിനിറ്റിൽ മെഷാക് എലിയയുടെ ഗോളിൽ കോംഗോയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഈജിപ്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുസ്തഫ മുഹമ്മദ് ടീമിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഇരുടീമിനും വല കുലുക്കാൻ കഴിയാതിരുന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ഇതിനിടെ 97ാം മിനിറ്റിൽ മുഹമ്മദ് ഹംദി ഷറഫ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഈജിപ്തിന് തിരിച്ചടിയായി. എക്സ്ട്രാ ടൈമിലും ഗോൾ വീഴാതിരുന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
എന്നാൽ, ഏഴുതവണ ആഫ്രിക്കൻ നേഷൻസ് കപ്പിൽ മുത്തമിട്ട ഈജിപ്തിന് ഷൂട്ടൗട്ടിൽ പിഴച്ചു. അവസാന കിക്കെടുത്ത ഗോൾകീപ്പർ മുഹമ്മദ് അബൂ ഗാബേലിന് പിഴച്ചപ്പോൾ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മുഹമ്മദ് സലാഹ് ഈജിപ്തിനായി അരങ്ങേറുന്നതിന് ഒരു വർഷം മുമ്പ് 2010ലാണ് ഈജിപ്ത് അവസാനമായി ആഫ്കോൺ കിരീടത്തിൽ മുത്തമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.