‘ഇനി എനിക്ക് ഫുട്ബാൾ കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല’; അറം പറ്റിയ വാക്കുകൾക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി രിഫ്അത്ത്
text_fieldsകെയ്റോ: ഈജിപ്ത് ദേശീയ ഫുട്ബാൾ ടീമംഗം അഹ്മദ് രിഫ്അത്ത് അന്തരിച്ചു. മാസങ്ങൾക്കുമുമ്പ് മത്സരത്തിനിടെ കളത്തിൽ കുഴഞ്ഞുവീണ ശേഷം ചികിത്സയിലായിരുന്നു താരം. ഹൃദയാഘാതത്തെ തുടർന്നാണ് 31കാരനായ വിങ്ങറുടെ ആകസ്മിക വിയോഗം. ദേശീയ ടീമിൽ തന്റെ സഹതാരമായ രിഫ്അത്തിന്റെ മരണത്തിൽ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.
രിഫ്അത്ത് ഈജിപ്ത് ദേശീയ ടീമിനുവേണ്ടി ഏഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. രണ്ടു ഗോളുകളും സ്കോർ ചെയ്തു. നിലവിൽ ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ക്ലബായ മോഡേൺ ഫ്യൂച്ചർ ക്ലബിന്റെ താരമായിരുന്നു. ഇ.എൻ.പി.പി.ഐ, സമാലെക്, അൽ ഇത്തിഹാദ്, അൽ മസ്‍രി, അൽ വഹ്ദ ക്ലബുകൾക്കു വേണ്ടിയും ബൂട്ടണിഞ്ഞു.
ഈ വർഷം മാർച്ച് 11ന് മോഡേൺ ഫ്യൂച്ചറും അൽ ഇത്തിഹാദും തമ്മിലുള്ള മത്സരത്തിനിടെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ രിഫ്അത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് കുഴഞ്ഞുവീണതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഒമ്പതു ദിവസങ്ങൾക്കു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്.
തുടർന്ന് ചികിത്സയിലായിരുന്ന രിഫ്അത്ത് ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ‘അല്ലാഹു അവന്റെ കുടുംബത്തിനും അവനെ സ്നേഹിക്കുന്നവർക്കും ക്ഷമ നൽകട്ടെ’ എന്ന് മുഹമ്മദ് സലാഹ് സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു.
കഴിഞ്ഞ മാസം ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഇനി തനിക്ക് ഫുട്ബാൾ കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് രിഫ്അത്ത് പറഞ്ഞിരുന്നു. വാക്കുകൾ അറംപറ്റിയതുപോലെ ശനിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ രിഫ്അത്തിന്റെ അകാല വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.
മുൻ ഈജിപ്ത് പരിശീലകനായിരുന്ന കാർലോസ് ക്വീറോസും രിഫ്അത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. ‘നൈസർഗികമായി ഏറെ പ്രതിഭാധനനായ ഫുട്ബാളറായിരുന്നു രിഫ്അത്ത്. ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ തന്റെ മാന്ത്രികത പുറത്തെടുക്കാൻ അവന് കഴിഞ്ഞിരുന്നു. എന്റെ ജീവിതത്തിൽ ഒരുഭാഗം രിഫ്അത്തിനോടൊപ്പം പങ്കുവെക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. അവൻ ഇനിയും എന്റെ ഹൃദയത്തിലും പ്രാർഥനകളിലുമുണ്ടാകും. നന്ദി എന്റെ പ്രിയ സുഹൃത്തേ..നീ ഫുട്ബാളിനും ഈജിപ്തിനും എനിക്കും ചെയ്തതിനെല്ലാം’ -ക്വീറോസ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.