എംബാപെയുടെ പുതിയ പി.എസ്.ജി കരാർ: ഫുട്ബാൾ ലോകത്ത് വിവാദം
text_fieldsപാരിസ്/മഡ്രിഡ്: സമകാലിക ഫുട്ബാളിലെ വമ്പൻ താരക്കൈമാറ്റങ്ങളിലൊന്നാവുമെന്ന് കരുതപ്പെട്ടിരുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെ പി.എസ്.ജിയിൽ തുടരുമെന്നുറപ്പായതോടെ ഫുട്ബാൾ ലോകത്ത് പുതിയ വിവാദമുയരുന്നു. എംബാപെയെ അവസാന നിമിഷം കൈവിട്ടുപോയയ റയൽ മഡ്രിഡും ലാ ലിഗ അധികൃതരും പി.എസ്.ജിക്കെതിരെ രംഗത്തെത്തി. യൂറോപ്യൻ ഫുട്ബാളിന്റെ സാമ്പത്തിക സന്തുലിതത്വത്തെ ബാധിക്കുന്നതാണ് പി.എസ്.ജിയുടെ നീക്കമെന്ന് ലാ ലിഗ കുറ്റപ്പെടുത്തി. യുവേഫയിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
പി.എസ്.ജിയുടെ നീക്കം ഫുട്ബാളിന് അപമാനകരമാണെന്ന് റയലും കുറ്റപ്പെടുത്തി. എംബാപെയുടെ കാര്യത്തിൽ സംഭവിച്ചത് ഇഞ്ചുറി സമയത്തെ ആന്റി ക്ലൈമാക്സായിരുന്നു. സ്വന്തം നാട്ടിലെ ക്ലബ് വിട്ട് റയലിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോർട്ടുകൾ കാറ്റിൽപറത്തി 23കാരൻ പി.എസ്.ജിയുമായുള്ള കരാർ മൂന്നു വർഷത്തേക്കുകൂടി നീട്ടിയതോടെ പാരിസിൽ ആഘോഷമായി.
അതേസമയം, റയൽ മഡ്രിഡിനും പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനും കനത്ത തിരിച്ചടിയായി എംബാപെയുടെയും പി.എസ്.ജിയുടെയും അപ്രതീക്ഷിത നീക്കം.
ഈ സീസണോടെ കരാർ അവസാനിക്കുന്നതിനാൽ പി.എസ്.ജിയിൽ തുടരാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ച എംബാപെ റയലുമായി ഏറക്കുറെ ധാരണയിലെത്തിയതായായിരുന്നു കഴിഞ്ഞദിവസം വരെയുള്ള സൂചന. ഫ്രീട്രാൻസ്ഫറായതിനാൽ റയലിന് പി.എസ്.ജിയുമായി ചർച്ച നടത്തേണ്ടതില്ലാത്തതിനാൽ എംബാപെയുടെ തീരുമാനം മാത്രം മതിയായിരുന്നു കൂടുമാറ്റം യാഥാർഥ്യമാവാൻ.
എന്നാൽ, അപകടം മണത്ത പി.എസ്.ജി ഉടമ നാസർ അൽഖലൈഫിയുടെ അവസാന നിമിഷത്തിലെ അവസരോചിത ഇടപെടലാണ് കളി പി.എസ്.ജിക്ക് അനുകൂലമാക്കിയത്. എംബാപെയുടെ പ്രതിഫലം കുത്തനെ ഉയർത്തി (തുക പുറത്തുവിട്ടിട്ടില്ല) ക്ലബിലെ ഏറ്റവും പ്രതിഫലമുള്ള താരമാക്കിയത് കൂടാതെ കരാർ ഒപ്പുവെക്കൽ തുകയായി നൂറു ദശലക്ഷം യൂറോയുടെ ബോണസും പ്രഖ്യാപിച്ചു.
സ്പോർട്ടിങ് ഡയറക്ടർ ലിയണാർഡോയെ പുറത്താക്കുകയും ടീമിൽ അഴിച്ചുപണി നടത്തുകയും ചെയ്യുന്നതടക്കമുള്ള മാറ്റങ്ങളും അൽഖലൈഫി എംബാപെക്ക് ഉറപ്പുനൽകിയിട്ടുണ്ട്. വരും സീസണിലേക്ക് ലക്ഷ്യമിട്ട രണ്ടു സൂപ്പർ സ്ട്രൈക്കർമാരും കൈവിട്ടുപോയത് റയലിന് കനത്ത ആഘാതമായി. റയൽ നോട്ടമിട്ട എർലിങ് ഹാലൻഡിനെ അടുത്തിടെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. ഇതോടെ എംബാപെയിലായിരുന്നു റയലിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.