വമ്പന്മാരുടെ ചിറകരിയുന്ന ‘അതിശയ വില്ല’; കിരീടം തന്നെ ലക്ഷ്യമെന്ന് എമിലിയാനോ
text_fieldsലണ്ടൻ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ മലർത്തിയടിച്ചതിനുപിന്നാലെ കരുത്തരായ ആഴ്സനലിനെയും നിലംപരിശാക്കി ആസ്റ്റൺ വില്ലയുടെ ജൈത്രയാത്ര. വില്ല പാർക്കിലെ സ്വന്തം തട്ടകത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ആഴ്സനലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആസ്റ്റൺ വില്ല വീഴ്ത്തിയത്. സിറ്റിയെ അട്ടിമറിച്ചതിൽ അതിശയിച്ച ഫുട്ബാൾ ലോകത്തിനുമുമ്പാകെ ആഴ്സനലിനെയും കശക്കിയെറിഞ്ഞ് വില്ല വിസ്മയമാവുകയാണ്.
ഉനായ് എംറെ എന്ന പരിശീലകനുകീഴിൽ അദ്ഭുതങ്ങൾ കാട്ടുന്ന ആസ്റ്റൺ വില്ലയുടെ മിടുക്ക് വലിയ ചർച്ചയായിക്കഴിഞ്ഞു. വമ്പന്മാരുടെ ചിറകരിഞ്ഞ് മുന്നോട്ടുകയറിയെത്തിയ ടീം ഇപ്പോൾ നോട്ടമിടുന്നത് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് തന്നെയാണ്. സിറ്റിയെ പരാജയപ്പെടുത്തി മൂന്നു ദിവസത്തിനകമാണ് അവർ ആഴ്സനലിന്റെ കഥ കഴിച്ചത്. ഏഴാം മിനിറ്റിൽ ക്യാപ്റ്റൻ ജോൺ മക്ഗിൻ തകർപ്പൻ ഫസ്റ്റ്ടൈം ഷോട്ടിലൂടെ ഗണ്ണേഴ്സ് വലയിലേക്ക് പന്തുപായിക്കുകയായിരുന്നു.
വമ്പൻ താരനിരയൊന്നുമില്ലാത്ത ആസ്റ്റൺ വില്ല നിരയിലെ സൂപ്പർ താരം അവരുടെ ഗോൾകീപ്പറാണ്. അർജന്റീനയെ ലോക ചാമ്പ്യൻപട്ടത്തിലേക്ക് നയിച്ച സാക്ഷാൽ എമിലിയാനോ മാർട്ടിനെസാണ് അവരുടെ ഗോൾവല കാക്കുന്നത്. മാർട്ടിനെസിന്റെ കണ്ണഞ്ചിക്കുന്ന സേവുകളാണ് സിറ്റിക്കും ആഴ്സനലിനും ടോട്ടൻഹാമിനും എതിരായ മത്സരങ്ങളിലടക്കം ജയിച്ചുകയറാൻ വില്ലയെ തുണച്ചതും.
കഴിഞ്ഞ അഞ്ചുകളികളിൽ, ആഴ്സനലിനെതിരെ ഗോളെന്നുറച്ച ഘട്ടത്തിൽ മൂന്നു സേവുകളുമായി അവസരത്തിനൊത്തുയർന്ന എമിലിയാനോ, സിറ്റിക്കെതിരെയും രണ്ടു തകർപ്പൻ സേവുകളുമായി കരുത്തുകാട്ടി. ബോൺമൗത്തിനെതിരെ അഞ്ചു സേവുകളാണ് അർജന്റീനക്കാരൻ കാഴ്ചവെച്ചത്. 2-1ന് വില്ല ജയിച്ച മത്സരത്തിൽ ടോട്ടൻഹാമിന്റെ ആറു ഗോൾശ്രമങ്ങൾക്ക് വീരോചിതം മുനയൊടിച്ചു. ഫുൾഹാമിനെതിരെ നാലു ഗോൾശ്രമങ്ങളും തടഞ്ഞിട്ടു.
സ്വന്തം തട്ടകത്തിൽ തുടർച്ചയായ 15-ാം ലീഗ് ജയമായിരുന്നു ആഴ്സനലിനെതിരെ വില്ല പാർക്കിൽ ടീം നേടിയത്. ജയത്തോടെ 16 കളികളിൽ 35 പോയന്റുമായി ആസ്റ്റൺ വില്ല മൂന്നാം സ്ഥാനത്തേക്കുയർന്നു. 16 മത്സരങ്ങളിൽ 37 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് രണ്ടു പോയന്റുമാത്രം പിന്നിലാണിപ്പോൾ ടീം. 36 പോയന്റുമായി രണ്ടാമതുള്ള ആഴ്സനൽ, വില്ലക്കെതിരെ ജയിച്ചിരുന്നെങ്കിൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തിയേനേ. നിലവിലെ ചാമ്പ്യന്മാരായ സിറ്റി 15 കളികളിൽ 30 പോയന്റുമായി നാലാം സ്ഥാനത്താണ്. 27 പോയന്റുള്ള ടോട്ടന്റഹാം ഹോട്സ്പറും മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ.
ആസ്റ്റൺ വില്ല ഇനി കിരീടപോരാട്ടത്തിന്റെ മുന്നണിയിലുണ്ടാവുമെന്ന് മത്സരശേഷം എമിലിയാനോ മാർട്ടിനെസ് പറഞ്ഞു. ‘അതേ..ഞങ്ങൾ തീർച്ചയായും കിരീടത്തിലേക്ക് തന്നെയാണ് ഉറ്റുനോക്കുന്നത്. ഒരാഴ്ചക്കിടെ നിങ്ങൾ സിറ്റിയെയും ആഴ്സനലിനെയും തോൽപിക്കുന്നു, മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ അവർക്കുമേൽ വ്യക്തമായ മേധാവിത്വം സ്ഥാപിക്കുന്നു, ആഴ്സനലിനെതിരെ 85 മിനിറ്റും പൊരുതിനിന്ന് വീണ്ടും വിജയം നേടുന്നു....എനിക്ക് ഉറച്ച വിശ്വാസമുണ്ട്’ -മത്സരശേഷം മാർട്ടിനെസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലീഗിൽ ആദ്യ നാലിലെത്തിയ ടീം ഈ മികവ് തുടരാൻ ശ്രമിക്കുമെന്ന് പറഞ്ഞ കോച്ച് ഉനായ് എംറേ, തങ്ങളുടെ എമിലിയാനോ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.