ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് അവസാനം; ഇനി കളത്തിൽ
text_fieldsദോഹ: മൂന്നു വർഷം നീണ്ടുനിന്ന പോരാട്ടകാലങ്ങൾ, ആറ് കോൺഫെഡറേഷനുകളിൽനിന്നായി 206 ടീമുകൾ, പല രാജ്യങ്ങളിലായി നടന്ന 865 മത്സരങ്ങൾ... അവയിൽ പിറന്ന 2424 ഗോളുകൾ... ദൈർഘ്യമേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഖത്തറിന്‍റെ മണ്ണിൽ പന്തുതട്ടാനുള്ള 32 ടീമുകളെ ആറ്റിക്കുറുക്കിയെടുത്തു. ഇനി അവർ വിമാനം കയറിയെത്തുന്ന നവംബറിന്‍റെ തണുപ്പുകാലത്തിനായുള്ള കാത്തിരിപ്പ്. അറേബ്യൻ ലോകം ആദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ യോഗ്യതാ മഹാപോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച രാത്രിയിൽ ലോകകപ്പിന്‍റെ വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ സമാപനമായി. വടക്കൻ അമേരിക്കൻ ഫുട്ബാൾ കരുത്തരായ കോസ്റ്ററീക ലോകകപ്പിനുള്ള 32ാമത്തെ ടീമായി യോഗ്യത നേടിയതോടെ 2019 ജൂൺ ആറിന് കിക്കോഫ് കുറിച്ച ക്വാളിഫയർ റൗണ്ടുകൾക്കാണ് സമാപനമായത്.
ഇടക്കാലത്തെത്തിയ മഹാമാരിയുടെ വെല്ലുവിളികളെയും സംഘർഷങ്ങളെയും അതിജീവിച്ച്, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പച്ചപ്പുൽമൈതാനങ്ങളിൽ പോരാട്ടങ്ങൾ അതിജയിച്ച കരുത്തരായ 32 ടീമുകളാണ് ഖത്തറിലേക്ക് യോഗ്യത നേടിയത്.
ഇനി, നവംബർ 21ന് കിക്കോഫ് കുറിക്കുന്ന വിശ്വമേളക്കായുള്ള കാത്തിരിപ്പുകാലം. ടീമുകൾക്കാവട്ടെ പ്രതിഭ തേച്ചുമിനുക്കി തയാറെടുപ്പിനുള്ള നാളുകളും.
32ാം സംഘമായി കോസ്റ്ററീക
പറഞ്ഞുകേട്ടപോലെ അത്ര അനായാസമായിരുന്നില്ല കോസ്റ്ററീകയുടെ ലോകകപ്പ് പ്രവേശനം. ഇൻറർകോണ്ടിനെന്‍റൽ േപ്ലഓഫിൽ ഓഷ്യാനിയ ചാമ്പ്യന്മാരായ ന്യൂസിലൻഡിനെതിരെ കെയ്ലർ നവാസിന്‍റെയും ബ്രയാൻ റ്യൂസിന്‍റെയും ടീം നന്നായി വിയർത്തു. കളിയുടെ മൂന്നാം മിനിറ്റിൽ ന്യൂസിലൻഡ് പ്രതിരോധം നിലയുറപ്പിക്കുംമുമ്പേ വിങ്ങിലൂടെ കുതിച്ചുപാഞ്ഞ ജെവിസൺ ബെന്നറ്റ് നീട്ടിനൽകിയ ക്രോസ്, മൂന്ന് കിവി ഡിഫൻഡർമാർക്കിടയിൽനിന്ന് പോസ്റ്റിലേക്ക് ചിപ്പ് ചെയ്ത ജോയൽ കാംബെലിന്‍റെ ബൂട്ടിൽനിന്നായിരുന്നു വിജയഗോൾ പിറന്നത്. ആദ്യ ഗോൾ പിറന്നതല്ലാതെ, ശേഷം കളിയിൽ മേധാവിത്വം സ്ഥാപിച്ചത് ലോകഫുട്ബാളിൽ പിൻനിരക്കാരിലൊരാളയ ന്യൂസിലൻഡായിരുന്നു. ഇരു വിങ്ങുകളെയും ചടുലമാക്കി അവർ നിരന്തരം ആക്രമിച്ചു. 40ാം മിനിറ്റിൽ ക്രിസ് വുഡ് വലകുലുക്കി ആഘോഷിച്ചെങ്കിലും ഗോളിലേക്കുള്ള നീക്കത്തിൽ പിറന്ന ഒരു ഫൗൾ 'വി.എ.ആർ' കണ്ടെത്തി. ഇതോടെ, നിഷേധിക്കപ്പെട്ട ഗോൾ ന്യൂസിലൻഡിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ടീം 10ലേക്ക് ചുരുങ്ങിയിട്ടും അവർ ആക്രമിച്ചുകളിച്ചു. കോസ്റ്ററീക പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ പന്തടക്കത്തിൽ ന്യൂസിലൻഡിനായിരുന്നു ലീഡ് (67-33). 15 ഷോട്ടുകളും നാല് ടാർഗറ്റ് ഷോട്ടുകളുമായി കളംവാണെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. ഒടുവിൽ ഗാലറിയിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന കോസ്റ്ററീകൻ കാണികൾക്ക് ആശ്വാസമായി ഒരു ഗോൾ ജയത്തോടെ ടീകോസ് തങ്ങളുടെ ആറാം ലോകകപ്പിന് യോഗ്യത നേടി. 2014 ക്വാർട്ടർ ഫൈനലിലും 2018 റഷ്യയിൽ ഗ്രൂപ് റൗണ്ടിലും കളിച്ച ടീമിന് തുടർച്ചയായി മൂന്നാം ലോകകപ്പാവും ഖത്തറിലേത്.
മിസ് യൂ ഇറ്റലി
ഇഷ്ടക്കാരുടെ അസൂറിപ്പടയൊഴികെ കാൽപന്തുകളിയിലെ പുണ്യനാടുകളെല്ലാം ഖത്തറിൽ സംഗമിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ അർജന്‍റീന, നെയ്മറിന്‍റെ ബ്രസീൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ, കരിം ബെൻസേമയുടെയും എംബാപെയുടെയും ഫ്രാൻസും ഹാരി കെയ്നിന്‍റെ ഇംഗ്ലണ്ടും മാനുവൽ നോയറുടെ ജർമനിയും ഉൾപ്പെടെ ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങളും ടീമുകളുമെല്ലാം എത്തുമ്പോൾ ആരാധകർക്ക് ഏറെ നഷ്ടപ്പെടുന്നത് പൗളോ മാൾഡീനിയുടെയും കന്നവാരോയുടെയും പിന്മുറക്കാരായ ഇറ്റലിയെയാണ്. തുടർച്ചയായി രണ്ടാം തവണയും ലോകകപ്പിന് പന്തുരുളുമ്പോൾ നാലു തവണ വിശ്വം കീഴടക്കിയ ഇറ്റലിക്കാർ കളിമുറ്റത്ത് ഇല്ലെന്നത് തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. യൂറോപ്യൻ ചാമ്പ്യന്മാർ എന്ന തിളക്കത്തിൽ നിന്ന ഇറ്റലിക്ക് യൂറോപ്യൻ യോഗ്യതാറൗണ്ടിന്‍റെ രണ്ടാം ഘട്ടത്തിൽ നോർത്ത് മാഴ്സിഡോണിയ സമ്മാനിച്ച ഷോക്കാണ് തിരിച്ചടിയായത്.
ടീമെന്ന നിലയിലാണ് ഇറ്റലിയെങ്കിൽ, ക്ലബ് ഫുട്ബാളിലെ ചില സൂപ്പർതാരങ്ങളുടെ അസാന്നിധ്യവും ഖത്തറിൽ ശ്രദ്ധിക്കപ്പെടും. ഈജിപ്തിന്‍റെ മുഹമ്മദ് സലാഹ്, നോർവേയുടെ എർലിങ് ഹാലൻഡ്, ഇറ്റലിയുടെ ജിയാൻ ലൂയിജി ഡോണറുമ്മയും മാർകോ വെറാറ്റിയും അൽജീരിയയുടെ റിയാദ് മെഹ്റസ് എന്നിങ്ങനെ നീളുന്നു ആ പട്ടിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.