കളിക്കളത്തില്‍ ശത്രുക്കള്‍, കളി കഴിഞ്ഞാല്‍ പുലര്‍ച്ചെ വരെ അര്‍മാദം! മറഡോണയെ ഓര്‍മിച്ച് ജര്‍മന്‍ ഇതിഹാസം
text_fields
1986 ജൂണ്‍ 29. ലോകഫുട്‌ബാളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ലോകകപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍ വന്ന ദിനം. 36 വര്‍ഷങ്ങള്‍ക്കിപ്പുറം, ആ ലോകകപ്പ് ഓര്‍മകള്‍ പങ്കിടാന്‍ അവരില്‍ ഒരാള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജര്‍മനിയുടെ ലോതര്‍ മത്തേയൂസാണ് ആ ഇതിഹാസം. ലോകമാകുന്ന കളമൊഴിഞ്ഞു പോയത് ഇതിഹാസങ്ങളിലെ ഇതിഹാസം ഡീഗോ മറഡോണയാണ്. മെക്‌സിക്കോ ലോകകപ്പ് ഫൈനലില്‍ ജര്‍മനി-അര്‍ജന്റീന പോരാട്ടത്തിലാണ് ഇവര്‍ മുഖാമുഖം വന്നത്. അന്ന് 3-2ന് മറഡോണയുടെ ടീം കപ്പുയര്‍ത്തി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ ടീമുകള്‍ ലോകകപ്പ് ഫൈനല്‍ കളിച്ചു. ചരിത്രത്തിലെ അപൂര്‍വത. പക്ഷേ, ഇറ്റലി ലോകകപ്പ് ഫൈനലില്‍ മത്തേയൂസ് താരമായി, ഏക ഗോളിന് ജര്‍മനി കപ്പുയര്‍ത്തി.
രണ്ട് ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നവര്‍, ഇറ്റാലിയന്‍ സീരി എ ലീഗിലും നിരവധി തവണ കൊമ്പുകോര്‍ത്തു. മറഡോണ നാപോളിയുടെ പോസ്റ്റര്‍ ബോയ് ആയിരുന്നെങ്കില്‍ ഇന്റര്‍മിലാന്‍ മിഡ്ഫീല്‍ഡ് നിയന്ത്രിച്ചിരുന്നത് മത്തേയൂസ് ആയിരുന്നു. മത്സരത്തില്‍ മാത്രമായിരുന്നു ശത്രുത. കളി കഴിഞ്ഞാല്‍ ഉറ്റ സുഹൃത്തുക്കള്‍. ആഘോഷ രാവുകളില്‍ നേരം വെളുക്കുവോളം ഒരുമിച്ച് അര്‍മാദിച്ച് നടന്നവര്‍ -മത്തേയൂസ് മറഡോണയുമായുള്ള സൗഹൃദം ഓര്‍ത്തെടുത്തു. ഖത്തര്‍ ലോകകപ്പ് അംബാസഡറായ മത്തേയൂസ് ദോഹയില്‍ മാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് മറഡോണയെയും മെക്‌സിക്കോ ലോകകപ്പും ഓര്‍മിച്ചത്.
സൗഹൃദം എന്നതിലുപരി പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നു ഞങ്ങള്‍. മ്യൂണിക്കില്‍ എന്റെ യാത്രയയപ്പ് മത്സരം കാണാന്‍ മറഡോണ വന്നിരുന്നു. ബ്യൂണസ് ഐറിസില്‍ മറഡോണക്ക് യാത്രയയപ്പ് നല്‍കിയപ്പോള്‍ ഞാനവിടെയും ചെന്നു - മത്തേയൂസ് പറഞ്ഞു. ഡിഫന്‍ഡറായും മിഡ്ഫീല്‍ഡറായും ഒരു പോലെ തിളങ്ങിയ ലോതര്‍ മത്തേയൂസ് 1990 ബാലണ്‍ദ്യോര്‍ ജേതാവാണ്. ജര്‍മന്‍ ഫുട്‌ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.