ഇസ്രായേലിനെ തകർത്ത് ഇംഗ്ലണ്ടിന് അണ്ടർ19 യൂറോ കിരീടം
text_fieldsബ്രാറ്റിസ്‍ലാവ (സ്ലൊവാക്യ): പിന്നിട്ടുനിന്നശേഷം പൊരുതിക്കയറി ഇസ്രായേലിന്റെ യുവനിരയെ തകർത്തുവിട്ട ഇംഗ്ലണ്ടിന് അണ്ടർ19 യൂറോകപ്പ് ഫുട്ബാളിൽ കിരീടനേട്ടം. എക്സ്ട്രാടൈമിലേക്ക് നീണ്ട കലാശപ്പോരിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് നിരയുടെ മിന്നുംജയം.
40-ാം മിനിറ്റിൽ ഓസ്കാർ ഗ്ലോച്ചിന്റെ ഗോളിൽ മുന്നിലെത്തിയ ഇസ്രായേലിനെതിരെ 52-ാം മിനിറ്റിൽ കല്ലം ഡോയ്‍ലാണ് ഇംഗ്ലണ്ടിനുവേണ്ടി തുല്യത കണ്ടത്. നിശ്ചിത സമയത്ത് ഇരുനിരയും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ വിധിനിർണയം അധിക സമയത്തേക്ക് നീണ്ടു.
108-ാം മിനിറ്റിൽ ആസ്റ്റൺ വില്ല താരം കാർണി ചുക്വെമെകയുടെ ഗോളിൽ ലീഡെടുത്ത ഇംഗ്ലണ്ടിനുവേണ്ടി മൂന്നു മിനിറ്റിനുശേഷം മറ്റൊരു ആസ്റ്റൺ വില്ല താരം ആരോൺ റാംസിയും വല കുലുക്കിയതോടെ കിരീടനേട്ടം ഇംഗ്ലണ്ടിന് സ്വന്തമാവുകയായിരുന്നു.
അഞ്ചു വർഷത്തിനിടെ, ഇത് രണ്ടാം തവണയാണ് ഇംഗ്ലണ്ട് അണ്ടർ 19 യൂറോകപ്പ് നേടുന്നത്. ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾ യുവനിരക്ക് അഭിനന്ദനങ്ങളുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.