ഡെന്മാർക്ക് ഗോളി ഷ്മിഷേലിനെതിരെ 'ലേസർ ആക്രമണം': ഇംഗ്ലണ്ടിനെ പ്രതിചേർത്ത് യുവേഫ
text_fieldsലണ്ടൻ: യൂറോ രണ്ടാം സെമിയിൽ ഇംഗ്ലീഷ് പടയോട്ടത്തെ ഒറ്റക്കു തടഞ്ഞുനിർത്തി കളി അധിക സമയത്തേക്ക് നീട്ടിയ ഡാനിഷ് ഗോളി കാസ്പർ ഷ്മിഷേലിനെതിരെയുണ്ടായ ലേസർ ആക്രമണത്തിൽ ഇംഗ്ലണ്ടിനെതിരെ നടപടിക്ക് യുവേഫ. 102ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് പെനാൽറ്റി ബോക്സിൽ വീണതിന് ലഭിച്ച പെനാൽറ്റി എടുക്കാൻ ഹാരി കെയ്ൻ കാത്തുനിൽക്കുേമ്പാഴായിരുന്നു വലക്കു മുന്നിൽ ഷ്മിഷേലിനെ ലക്ഷ്യമിട്ട് കാണികളിലൊരാൾ ലേസർ തെളിച്ചത്. മുഖത്ത് ഒന്നിലേറെ തവണ വെളിച്ചം തെളിഞ്ഞിട്ടും മനസ്സുറപ്പിച്ച് വല കാത്ത താരം പെനാൽറ്റി തടുത്തിട്ടെങ്കിലും റീബൗണ്ടിൽ ഗോളാകുകയായിരുന്നു.
ഈ പെനാൽറ്റി അനുവദിച്ചതിനെ ചൊല്ലിയും വ്യാപക വിമർശനമുയർന്നിരുന്നു. സ്റ്റെർലിങ് ഫൗളിൽ വീണതല്ലെന്നും അഭിനയമാണെന്നുമായിരുന്നു പരാതി. അതേ മുന്നേറ്റം പെനാൽറ്റി ബോക്സിലേക്ക് കടക്കുംമുമ്പ് മൈതാനത്ത് രണ്ടാമതൊരു പന്ത് കണ്ടതും വിവാദമായി. ഇത്തരം സാഹചര്യങ്ങളിൽ കളി നിർത്തണമെന്നാണ് നിയമമെന്നും അതുണ്ടായില്ലെന്നുമാണ് ആക്ഷേപം.
പതിനായിരങ്ങൾ ഒത്തുകൂടിയ വെംബ്ലി മൈതാനത്ത് ഡെന്മാർക്കിന്‍റെ ദേശീയ ഗാനം ആലപിക്കുന്നതിനിടെ കാണികൾ കൂകിയതും യുവേഫ വിമർശിച്ചിട്ടുണ്ട്. ഇരു വിഷയങ്ങളും യുവേഫ അച്ചടക്ക സമിതി പരിശോധിച്ച് ശിക്ഷ വിധിക്കും. ഒരു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട് കളിയിലേക്ക് തിരികെയെത്തിയതും വിവാദ പെനാൽറ്റി ഗോളാക്കി മാറ്റി ഡെന്മാർക്കിനെ കടന്ന് നീണ്ട ഇടവേളക്കു ശേഷം യൂറോയിൽ കലാശപ്പോരിന് ടിക്കറ്റുറപ്പിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.