പല്ല് കൊഴിഞ്ഞ് ത്രീ ലയൺസ്! ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഡെന്മാർക്ക്
text_fieldsഫ്രാങ്ക്ഫർട്ട്: യൂറോ കപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഡെന്മാർക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. ത്രീ ലയൺസിനായി വമ്പൻ താരങ്ങൾ അണിനിരന്നതിന്‍റെ കരുത്തൊന്നും കളത്തിൽ കണ്ടില്ല. മത്സരത്തിൽ ആക്രമിച്ചു കളിച്ചത് ഡാനിഷ് പടയായിരുന്നു. നായകൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനായും യുവതാരം മോർട്ടൻ ഹ്യൂൽമന്‍ഡ് ഡെന്മാർക്കിനായും വലകുലുക്കി. ജയിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിന് പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്നു. ഡെന്മാർക്കിന്‍റെ തുടർച്ചയായ രണ്ടാം സമനിലയാണിത്.
ആദ്യ മത്സരത്തിൽ സ്ലൊവേനിയയോടും സമനില വഴങ്ങിയിരുന്നു. തുടക്കം വിരസമായിരുന്നെങ്കിലും ഗോൾ വീണതോടെയാണ് മത്സരം ചൂടുപിടിക്കുന്നത്. 18ാം മിനിറ്റിൽ കെയ്നിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. ഡെന്മാർക്ക് പ്രതിരോധ താരം വിക്ടർ ക്രിസ്റ്റ്യൻസെനിൽനിന്ന് പന്ത് തട്ടിയെടുത്ത് കെയ്‍ൽ വാക്കർ വലതു പാർശ്വത്തിലൂടെ ഓടിക്കയറി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് ഗോളിലെത്തിയത്. പ്രതിരോധ താരങ്ങളുടെ കാലുകളിൽ തട്ടി പന്ത് നേരെ ഹാരി കെയ്നിന്‍റെ മുന്നിലേക്ക്. താരത്തിന്‍റെ ഷോട്ട് ലക്ഷ്യം തെറ്റിയില്ല. ഗോളിയെയും മറികടന്ന് വലയിലേക്ക്. ഗോൾ വഴങ്ങിയതോടെ ഡാനിഷ് താരങ്ങൾ ഉണർന്നു കളിച്ചു.
പലതവണ ഇംഗ്ലീഷ് ഗോൾ മുഖത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ഒടുവിൽ 33ാം മിനിറ്റിൽ മോർട്ടൻ ഹ്യൂൽമന്‍ഡിലൂടെ ഡെന്മാർക്ക് മത്സരത്തിൽ ഒപ്പമെത്തി. താരത്തിന്‍റെ 30 വാരെ അകലെനിന്നുള്ള കിടിലൻ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിനെയും മറികടന്ന് പോസ്റ്റിൽ തട്ടി വലയിൽ. പിന്നെയും പലതവണ ഇംഗ്ലണ്ടിന്‍റെ ഗോൾമുഖത്ത് ഡാനിഷ് താരങ്ങൾ വെല്ലുവിളി ഉയർത്തി. ഇടവേളക്കുശേഷവും ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോളിലെത്തിയില്ല.
തുടക്കത്തിൽ ഇംഗ്ലീഷ് താരങ്ങൾ കാണിച്ച ഒത്തിണക്കം പിന്നീട് കളത്തിൽ കണ്ടില്ല. ആക്രമണ ഫുട്ബാളിൽ ഡെന്മാർക്ക് തന്നെയായിരുന്നു മുന്നിൽ. 55ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ഫിൽ ഫോഡന്‍റെ ഇടങ്കാൽ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അധികം വൈകാതെ കെയ്ൻ, ബുകായ സാക, ഫോഡൻ എന്നിവരെ പിൻവലിച്ചു. പകരം എബെറെച്ചി ഈസെയും ഒല്ലി വാറ്റ്കിൻസും സീനിയർ ടീമിനായി ആദ്യമായി കളത്തിലിറങ്ങിയെങ്കിലും ഡാനിഷ് പ്രതിരോധം തകർക്കാനായില്ല. അവസാന മിനിറ്റുകളിൽ ഡെന്മാർക്ക് ഇംഗ്ലീഷ് ഗോൾമുഖം പലതവണ വിറപ്പിച്ചു. മധ്യനിര താരം ക്രിസ്റ്റ്യൻ എറിക്സണെ ചുറ്റിപ്പറ്റിയാണ് ഡെന്മാർക്ക് കളി നെയ്തെടുത്തത്.
ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനെ ഡാനിഷ് താരങ്ങൾ ശരിക്കും പൂട്ടി. കാര്യമായ നീക്കങ്ങളൊന്നും താരത്തിന്‍റെ കാലിൽനിന്നുണ്ടായില്ല. പന്ത് കൈവശം വെക്കുന്നതിൽ ഇംഗ്ലണ്ട് മുന്നിട്ടു നിന്നെങ്കിൽ ഷോട്ടുകൾ തൊടുക്കുന്നതിൽ ഡെന്മാർക്കിനായിരുന്നു മുൻതൂക്കം. ഗ്രൂപ്പ് സിയില്‍ നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടു പോയന്റ് വീതമുള്ള ഡെന്മാര്‍ക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നോക്കൗട്ടിലെത്തുന്ന ടീമുകൾ ആരെന്നറിയാൻ അവസാന ഗ്രൂപ്പ് മത്സരം വരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.