അസുഖമെന്ന് പറഞ്ഞ് ലീവെടുത്ത് യൂറോ കാണാൻ പോയി; ടി.വിയിലൂടെ ബോസ് കണ്ടതോടെ പണിയും പോയി
text_fieldsയൂറോ കപ്പ് സെമി ഫൈനലിൽ കളിക്കുന്നത് ഇഷ്ട ടീം. ഉറ്റസുഹൃത്തിന് നറുക്കെടുപ്പിലൂടെ കളി കാണാൻ ടിക്കറ്റും കിട്ടി. പക്ഷേ, ഓഫിസിൽ നിന്ന് ലീവ് കിട്ടാൻ ബുദ്ധിമുട്ട്. ഈ സാഹചര്യത്തിൽ ആരും ചെയ്യുന്നതേ ഇംഗ്ലണ്ട് ആരാധികയായ നിന ഫാറൂഖിയും ചെയ്തുള്ളൂ. അസുഖമാണെന്ന് പറഞ്ഞ് ലീവെടുത്ത് കളി കാണാൻ പോയി. പക്ഷേ, സ്‌റ്റേഡിയത്തിൽ നിന്ന് വീട്ടിലെത്തും മുേമ്പ കള്ളി വെളിച്ചത്തായി. നിന കള്ളം പറഞ്ഞ് സ്‌റ്റേഡിയത്തിൽ പോയത് ബോസ് അറിഞ്ഞു. പിന്നാലെ പണിയും പോയി.
ഇംഗ്ലണ്ട് ടീമിനെ പ്രോത്സാഹിപ്പിക്കാൻ കൂട്ടുകാരിക്കൊപ്പം ഗാലറിയിൽ നടത്തിയ ആവേശ പ്രകടനത്തിന്‍റെ ദൃശ്യങ്ങൾ ടി.വി ക്യാമറകൾ ഒപ്പിയെടുക്കുകയും അത് ലോകം മുഴുവൻ കാണുകയും ചെയ്തതാണ് 37കാരിയായ നിനക്ക് വിനയായത്. ബ്രാഡ്‌ഫോഡ് കൗണ്ടിയിലെ ഇൽക്ലേയിലെ കേമ്പാസിറ്റ് പ്രൈം എന്ന കമ്പനിയിൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറായിരുന്നു നിന ഫാറൂഖി. നിനയുടെ ഒരു സുഹൃത്തിന് നറുക്കെടുപ്പിലൂടെ ഇംഗ്ലണ്ടും ഡെൻമാർക്കും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ ലഭിക്കുകയായിരുന്നു. പക്ഷേ, ഓഫീസിൽ വേണ്ടത്ര സ്റ്റാഫില്ലാത്തതിനാൽ ലീവെടുക്കാനാവില്ലെന്നറിഞ്ഞതോടെ നിന അസുഖമാണെന്ന് പറഞ്ഞ് ലീവെടുത്ത് വെംബ്ലി സ്‌റ്റേഡിയത്തിൽ സെമി ഫൈനൽ കാണാൻ പോയി.
വെംബ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ 66,000ലേറെ കാണികൾക്കൊപ്പം മുഖത്ത് ഇംഗ്ലണ്ട് പതാകയുടെ ചായങ്ങളണിഞ്ഞ് നിനയും സുഹൃത്തും ഇടംപിടിച്ചു. മത്സരത്തിനിടയിലെ സുഹൃത്തിനൊപ്പം ടീമിനു വേണ്ടി ആർത്തുവിളിക്കുന്ന നിനയുടെ ദൃശ്യം ലൈവായി ടി.വിയിൽ വന്നു. ഇംഗ്ലണ്ടിന്‍റെ വെള്ള ജഴ്‌സിയും ദേശീയ പതാകയുമായി സ്‌റ്റേഡിയത്തിൽ ആർത്തുവിളിക്കുന്ന നിനയെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും തിരിച്ചറിയുകയും ചെയ്തു.
ഹാഫ് ടൈം ആയപ്പോൾ ഇക്കാര്യം അറിയിച്ച് സഹപ്രവർത്തകർ നിനയ്ക്ക് മെസ്സേജയക്കുകയും ചെയ്തു. പിറ്റേന്നു രാവിലെ പിരിച്ചുവിട്ടു എന്ന സന്ദേശമാണ് മേലുദ്യോഗസ്ഥരിൽ നിന്ന് നിനയ്ക്ക് ലഭിച്ചത്. 'ഞാൻ കളി കാണാനാണ് പോയതെന്ന് എന്‍റെ മേലുദ്യോഗസ്ഥർക്ക് അറിയുകയും അവർ അക്കാര്യം ചോദിച്ചപ്പോൾ ഞാൻ സമ്മതിക്കുകയും ചെയ്തു. അതിനുശേഷമാണ് പിരിച്ചുവിട്ടത്'- ദി ടെലിഗ്രാഫ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നിന ഫാറൂഖി പറഞ്ഞു.
അതേസമയം, ഫുട്ബാൾ കാണാൻ പോയതിനല്ല, കള്ളം പറഞ്ഞ് ലീവ് എടുത്തതിനാണ് നിനക്കെതിരെ നടപടിയെടുത്തതെന്ന് കമ്പനി ഡയറക്ടർ ചാൾസ് ടെയ്ലർ പറഞ്ഞു. എന്നാൽ, ജോലി പോയതിലെ സങ്കടമൊന്നും നിന പ്രകടിപ്പിക്കുന്നില്ല. 'ജോലി പോയതിൽ എനിക്ക് ചെറിയ വിഷമമൊക്കെയുണ്ട്. ആരും അത് ഇഷ്ടപ്പെടില്ലല്ലോ. യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ട് കളിക്കുന്നതു കാണാനുള്ള അവസരം എങ്ങിനെ നഷ്ടപ്പെടുത്തും. ഇനി ഇത്തരം അവസരം കിട്ടിയാലും ഞാൻ ഇതുതന്നെയാവും ചെയ്യുക. ഫുട്ബാൾ എന്നാൽ എനിക്ക് ജീവനാണ്' - നിന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.