യൂറോ യോഗ്യത: ചാമ്പ്യന്മാരെ തറപറ്റിച്ച് ഇംഗ്ലീഷുകാർ കടന്നു
text_fieldsലണ്ടൻ: യൂറോ യോഗ്യത പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ നിലംപരിശാക്കി ഇംഗ്ലണ്ട്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ അസൂറിപ്പടയെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് തോൽപിച്ചത്. ഇതോടെ ഇംഗ്ലീഷുകാർ യൂറോ യോഗ്യതയും നേടി. ഹാരി കെയ്ൻ ഇരട്ട ഗോൾ നേടിയപ്പോൾ അവശേഷിച്ച ഗോൾ റാഷ്ഫോഡിന്റെ വകയായിരുന്നു. ജിയാൻ ലൂക സ്കമാക്കയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്.
15ാം മിനിറ്റിൽ ഇറ്റലിയാണ് സ്കോർ ബോർഡ് തുറന്നത്. ഡി ലോറൻസോ നൽകിയ മനോഹര ക്രോസ് സ്കമാക്ക വലയിലേക്ക് തട്ടിയിടുകയായിരുന്നു. 28ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ ബോക്സിൽ വീഴ്ത്തിയപ്പോൾ പെനാൽറ്റിയിലേക്ക് വിസിലൂതാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കിക്കെടുത്ത കെയ്ൻ ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മക്ക് അവസരമൊന്നും നൽകാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
57ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളെത്തി. ഒരു കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് പിടിച്ചെടുത്ത ബെല്ലിങ്ഹാം ഒറ്റക്ക് മുന്നേറുകയും ഇടതു വിങ്ങിൽ റാഷ്ഫോഡിന് കൈമാറുകയും ചെയ്തു. നാല് ഇറ്റാലിയൻ പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് റാഷ്ഫോഡ് പന്ത് മനോഹരമായി വലയിലാക്കി. 77ാം മിനിറ്റിൽ കെയ്നിന്റെ രണ്ടാം ഗോളും. പ്രതിരോധത്തിൽനിന്ന് ലഭിച്ച ലോങ്ബാൾ ഓടിയെടുത്ത് ഒറ്റക്ക് മുന്നേറിയ കെയ്നിന്റെ ഷോട്ട് ഡോണറുമ്മയെ കീഴടക്കി.
ഗ്രൂപ് ‘സി’യിൽ ആറു മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലണ്ടിന് 16 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള യുക്രെയ്ന് 13 പോയന്റുണ്ട്. 10 പോയന്റുള്ള ഇറ്റലി മൂന്നാമതാണ്. സെർബിയ 3-1ന് മോണ്ടിനെഗ്രോയെയും യുക്രെയ്ൻ ഇതേ സ്കോറിന് മാൾട്ടയെയും ഡെന്മാർക്ക് 2-1ന് സാൻമാരിനോയെയും സ്ലൊവീനിയ എതിരില്ലാത്ത ഒരു ഗോളിന് വടക്കൻ അയർലൻഡിനെയും തോൽപിച്ചു. ഹംഗറി-ലിത്വേനിയ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.