ഫൈനലിൽ ഇറ്റലിയോട് മുട്ടാൻ ആര്?; ഇംഗ്ലണ്ടും ഡെന്മാർക്കും ഇന്ന് കളത്തിൽ
text_fieldsവെംബ്ലി: ലോകകിരീടം ഷോകേസിലുണ്ടെങ്കിലും ഒരിക്കൽ പോലും വൻകരയിലെ മികച്ച ടീമാവാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് ഇംഗ്ലണ്ട്. എല്ലാ ടൂർണമെൻറുകളിലും മികച്ച സംഘങ്ങളുമായി സാധ്യത പട്ടികയിൽ ഇടംപിടിക്കാറുണ്ടെങ്കിലും ഇടക്കുവെച്ച് ഇടറിവീഴുന്ന പതിവ് ഇത്തവണ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഗാരെത് സൗത്ത്ഗെയ്റ്റിെൻറ ശിക്ഷണത്തിൽ ഇംഗ്ലണ്ടിെൻറ വരവ്. ഒരു കളി പോലും തോൽക്കാതെ, ഒരു ഗോൾ പോലും വഴങ്ങാതെ സെമി വരെയെത്തിയ ടീം ഡെന്മാർക്കിനെതിരെയും ജയിച്ചുകയറി ഫൈനലുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.
ഗ്രൂപ് റൗണ്ടിൽ മികച്ച കളി കെട്ടഴിച്ചില്ലെങ്കിലും ഒന്നാമതായി തന്നെ മുന്നേറിയ ഇംഗ്ലണ്ട് നോക്കൗട്ട് റൗണ്ടിലെത്തിയതോടെ ടോപ് ഗിയറിലേക്ക് മാറിയിരിക്കുകയാണ്. ഗ്രൂപ് റൗണ്ടിലെ മൂന്നു കളികളിൽ രണ്ടു ഗോൾ മാത്രം നേടിയ ടീം നോക്കൗട്ടിൽ രണ്ടു മത്സരങ്ങളിൽ ആറു വട്ടം എതിർവല കുലുക്കിക്കഴിഞ്ഞു. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ഫോമിലേക്കുയർന്നതാണ് ഇംഗ്ലണ്ടിന് ഏറ്റവും ആത്മവിശ്വാസം പകരുന്നത്. ആദ്യ മൂന്നുകളികളിലും സ്കോർ ചെയ്യാൻ കഴിയാതിരുന്ന നായകൻ അടുത്ത രണ്ടു കളികളിൽ മൂന്നു ഗോൾ നേടിക്കഴിഞ്ഞു. സഹസ്ട്രൈക്കർ റഹീം സ്റ്റെർലിങ്ങിെൻറ ഗോളടിമികവും ടീമിന് മുതൽകൂട്ടാണ്.
കഴിഞ്ഞ കളിയിൽ ഇറങ്ങിയ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക, ജാക് ഗ്രീലിഷ് എന്നിവരിലാർക്ക് മുൻനിരയിലെ മൂന്നാമനായി നറുക്കുവീഴുമെന്ന് കാത്തിരുന്നു കാണണം. മധ്യനിരയിൽ കാൽവിൻ ഫിലിപ്സ്-ഡെക്ലാൻ റൈസ് ദ്വയത്തിന് മുന്നിൽ മാസൺ മൗണ്ടുണ്ടാവും. ഹാരി മഗ്വയറും ജോൺ സ്റ്റോൺസും കെയ്ൽ വാൽക്കറും ലൂക്ക് ഷോയും അണിനിരക്കുന്ന പ്രതിരോധവും ഗോളി ജോർഡൻ പിക്ഫോഡുമാണ് ഇംഗ്ലണ്ടിെൻറ ഏറ്റവും വലിയ കരുത്ത്.
സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ പരിക്കേറ്റ് വീണപ്പോൾ കാണിച്ച കരുതലും സ്നേഹവും വഴി കാൽപന്ത് ആരാധകരുടെ ഇഷ്ട ടീമായി മാറിയ ഡെന്മാർക് കളിയിലൂടെ അതർഹിക്കുന്നവരാണെന്ന് തെളിയിച്ചുകഴിഞ്ഞ സംഘമാണ്. ആദ്യ രണ്ടു കളികൾ തോറ്റശേഷം മൂന്നു മത്സരങ്ങളിലായി പത്ത് ഗോളുകൾ അടിച്ചുകൂട്ടിയ കാസ്പർ ഹ്യൂൽമണ്ടിെൻറ ടീം അവസാനം വരെ പൊരുതുന്ന സംഘമാണ്. ടീംവർക്കിലൂടെയും നിശ്ചയദാർഢ്യമാർന്ന നീക്കങ്ങളിലൂടെയും എതിർടീമിെൻറ താളംതെറ്റിക്കാൻ കെൽപുള്ളവർ.
മുൻനിരയിൽ കാസ്പർ ഡോൾബർഗിെൻറയും മൈകൽ ഡംസ്ഗാർഡിെൻറയും ഫോമാണ് ഡെന്മാർക്കിെൻറ കരുത്ത്. പിന്തുണ നൽകാൻ മാർട്ടിൻ ബ്രാത്വൈറ്റുമുണ്ട്. പിയറി എമിലെ ഹൊയ്ബർഗും തോമസ് ഡിലനിയും അണിനിരക്കുന്ന മധ്യനിരക്ക് ഇരുവശത്തുമായി സ്ട്രൈഗർ ലാർസനും യൊവാക്വിം മെഹ്ലെയുമുണ്ടാവും. ഇടതുവിങ്ങിലൂടെ മുന്നേറി ക്രോസുകൾ തൊടുക്കുന്നതിൽ കേമനാണ് മെഹ്ലെ. ക്വാർട്ടറിൽ പുറംകാൽകൊണ്ട് ഡോൾബർഗിന് ഗോളടിക്കാൻ പാകത്തിൽ നൽകിയ പാസ് മനോഹരമായിരുന്നു. ക്യാപ്റ്റൻ സിമോൺ ക്യാർ, യാനിക് വെസ്റ്റർഗാർഡ്, ആന്ദ്രിയാസ് ക്രിസ്റ്റ്യൻസൺ എന്നിവരടങ്ങുന്ന പ്രതിരോധവും പിറകിൽ കാസ്പർ ഷ്മൈക്കലിെൻറ കൈകളും ടീമിന് ഏറെ വിശ്വാസമുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.