യൂറോയിൽ ഇംഗ്ലണ്ട്- ഇറ്റലി ഫൈനൽ
text_fieldsലണ്ടൻ: മുൻനിര ചാമ്പ്യൻഷിപ്പുകളിലൊന്നിെൻറ കലാശപ്പോരിൽ അങ്കം കുറിക്കുകയെന്ന 55 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. അധിക സമയത്തേക്കു നീണ്ട രണ്ടാം സെമിയിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ഹാരി കെയ്നും സംഘവും പതിറ്റാണ്ടുകളായുള്ള നാടിെൻറ കാത്തിരിപ്പിന് സാഫല്യമേകി യൂറോ ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ആദ്യം േഗാളടിച്ച് മുന്നിൽനിന്ന ഡെന്മാർക്ക് പിന്നീട് ക്യാപ്റ്റെൻറ ബൂട്ടിൽനിന്ന് സ്വന്തം പോസ്റ്റിൽ നിറയൊഴിച്ച് സമനില നൽകുകയും അധിക സമയത്ത് ഹാരി കെയ്െൻറ ഗോളിൽ പരാജയം സമ്മതിക്കുകയുമായിരുന്നു.
1966ൽ ജർമനിയെ വീഴ്ത്തി ലോകകപ്പ് നെേഞ്ചാടു ചേർത്ത നീണ്ട ഇടവേളക്കു ശേഷം കിരീടത്തിലേക്ക് നിറമുള്ള സ്വപ്നങ്ങളുമായി എത്തിയ ഇംഗ്ലണ്ട് ഇത്തവണ എല്ലാം ഉറപ്പിച്ച പോരാട്ടമാണ് ടൂർണമെൻറിലുടനീളം നടത്തിയിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് ക്വാർട്ടറിൽ ജർമനിയെയും അതുകഴിഞ്ഞ് അവസാന നാലിൽ യുക്രെയ്നെയും നിശ്ശൂന്യമാക്കിയ കരുത്തും ആവേശവും വെംബ്ലിയിലെ 66,000 കാണികൾക്ക് മുന്നിൽ ഇന്നലെ തുടക്കത്തിൽ കണ്ടില്ലെങ്കിലും അൽപം വൈകി എല്ലാം തിരിച്ചുപിടിക്കുകയായിരുന്നു.
30ാം മിനിറ്റിൽ ഇളമുറ താരം ഡാംസ്ഗാർഡിലൂടെ ഡെൻമാർക്ക് ആണ് ആദ്യ വെടിപൊട്ടിച്ചത്. തുടക്കത്തിൽ ടീം കാണിച്ച കളിമികവിെൻറ സാക്ഷ്യമായിരുന്നു 25 വാര അകലെനിന്നു പായിച്ച കണ്ണഞ്ചും ഫ്രീകിക്ക് ഗോൾ. അതോടെ സട കുടഞ്ഞെഴുന്നേറ്റ ഇംഗ്ലീഷ് പട വൈകാതെ ആക്രമണം മുന കൂർപിച്ച് ഡാനിഷ് കോട്ടക്കു മുന്നിൽ പലവട്ടം അപായമണി മുഴക്കിയെങ്കിലും ഗോളി കാസ്പർ ഷ്മിഷേൽ ഉരുക്കു കരങ്ങളുമായി എല്ലാം തട്ടിത്തെറിപ്പിച്ചു. ഒന്നാം പകുതി പിരിയാൻ അഞ്ചു മിനിറ്റ് ബാക്കിനിൽക്കെ ബുകായോ സാക റഹീം സ്റ്റെർലിങ്ങിന് പാകത്തിൽ നൽകിയ ക്രോസിന് കാൽവെച്ചത് പക്ഷേ, ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയർ തട്ടിയകറ്റിയത് ഷ്മിഷേലിനെയും കടന്ന് സ്വന്തം വലയിൽ. സ്കോർ 1-1.
രണ്ടാം പകുതിയിൽ ഇംഗ്ലീഷ് പടയോട്ടം നയിച്ച് ഹാരി മഗ്വയറും ഹാരി കെയിനും അലമാല കണക്കെ എതിർഹാഫിൽ പറന്നുനടന്നപ്പോഴൊക്കെയും സൂപർ ഹീറോയെ പോലെ ഡാനിഷ് ഗോളി ഒറ്റയാനായി നിലയുറപ്പിച്ചു. പിതാവ് പീറ്റർ ഷ്മിഷേലിനെ ഓർമിപ്പിച്ച പ്രകടനം പക്ഷേ, തോറ്റുപോയത് അധിക സമയത്തെ ഹാരി കെയ്ൻ ഗോളിൽ. റഹീം സ്െറ്റർലിങ്ങിനെ ജൊആകിം മീഹൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി തടുത്തിട്ട് ഷ്മിഷേൽ ശ്രമം നടത്തിയെങ്കിലും റീബൗണ്ടിൽ കെയ്ൻ കാലുവെച്ച് വല കുലുക്കി.
വെംബ്ലി നിറഞ്ഞ് ഒഴുകിയെത്തിയ ആൾക്കൂട്ടം അട്ടഹാസവുമായി ഇംഗ്ലണ്ടിനൊപ്പം നിലയുറപ്പിച്ചതോടെ മൈതാനത്ത് ഡാനിഷ് നീക്കങ്ങൾക്കും മൂർച്ച കുറഞ്ഞു. അതോടെ ഇംഗ്ലീഷ് വിജയം സുനിശ്ചിതവുമായി.
ഇനി ഞായറാഴ്ച ഇതേ മൈതാനത്ത് നടക്കുന്ന കലാശപ്പോരിൽ ഇറ്റലിയെ വീഴ്ത്തിയാൽ രാജ്യം കാത്തിരിക്കുന്ന സ്വപ്ന നേട്ടവുമായി സൗത്ഗേറ്റിെൻറ പട്ടാളത്തിന് മടങ്ങാം. പക്ഷേ, ഫൈനലിൽ കാത്തിരിക്കുന്ന അസൂറികൾ ഈ ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമാണെന്ന ആധി മുന്നിലുണ്ട്. കളിയിൽ വൈകി തിരിച്ചെത്തുന്ന പഴയ പതിവു തുടരുന്ന ഹാരി കെയിനിനും കൂട്ടർക്കും അതൊരു വെല്ലുവിളിയാകുമോ എന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.