യൂറോകപ്പിനെയും കോവിഡ് പിടിച്ചു; സ്കോട്ലൻഡ് താരം ഗിൽമർ പോസിറ്റീവ്; ഇംഗ്ലണ്ടിന്‍റെ മൗണ്ടും ചിൽവെലും ക്വാറന്‍റീനിൽ
text_fieldsലണ്ടൻ: കരുതലും സുരക്ഷയും ശക്തമാക്കി യൂറോപിലെ വിവിധ നഗരങ്ങളിൽ പുരോഗമിക്കുന്ന യൂറോകപ്പിനും കോവിഡ് ഭീഷണി. സ്കോട്ട്ലൻഡിന്റെ ചെൽസി താരം ബില്ലി ഗിൽമർ കോവിഡ് പോസിറ്റീവായതോടെയാണ് എതിരെ കളിച്ചവരും കൂടെ കളിച്ചവരും കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ നടന്ന പരിശോധനയിൽ ഗിൽമർ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇംഗ്ലണ്ട്- സ്കോട്ലൻഡ് മത്സരം നടന്ന കഴിഞ്ഞ വെള്ളിയാഴ്ച വെംബ്ലി മൈതാനത്തേക്കുള്ള ടണലിലാണ് സമ്പർക്കമുണ്ടായതെന്നാണ് സംശയം. ഇതോടെ സമ്പർക്ക പട്ടികയിലുള്ള ചെൽസിയിലെ സഹതാരങ്ങളും ഇംഗ്ലണ്ട് നിരയിലെ പ്രമുഖരുമായ ബെൻ ചിൽവെലും മാസൺ മൗണ്ടും അടുത്ത മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങുന്ന കാര്യം സംശയത്തിലായി. ഇരുവരും ക്വാറന്‍റീനിലാണ്. മത്സര ശേഷം ഗിൽമറുമായി സംസാരിക്കുകയും പരസ്പരം ആേശ്ലഷിക്കുകയും ചെയ്തിരുന്നു. കളിക്കു ശേഷവും മൂവരും ഒന്നിച്ചുണ്ടായതായാണ് റിപ്പോർട്ട്.
മാസൺ മൗണ്ടിനെ ആദ്യ ഇലവനിൽ പരിഗണിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ സൗത്ഗേറ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ച നടന്ന പരിശോധനയിൽ ഇരുവരും നെഗറ്റീവാണ്. മറ്റു താരങ്ങളുടെ പരിശോധനയും നടത്തിയിരുന്നു. ഇന്ന് ചെക് റിപ്പബ്ലിക്കിനെതിരെ ജയിച്ചില്ലെങ്കിലും ടീം നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ ഇരുവരും കളിച്ചില്ലെങ്കിലും കോച്ചിന് ആധിയില്ല.
അതേ സമയം, കോവിഡ് പോസിറ്റീവായ ഗിൽമർ ഗ്രൂപ് ഡിയിൽ ക്രൊയേഷ്യക്കെതിരായ സ്കോട്ലൻഡ് മത്സരത്തിൽ പങ്കെടുക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.