നോട്ടിങ്ഹാമിനെ വീഴ്ത്തി ആഴ്സണൽ; സിറ്റിയെ മറികടന്ന് രണ്ടാമത്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ആഴ്സണലിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് മെക്കൽ അർട്ടേറ്റയും സംഘവും നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയത്.
ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് രണ്ടാമതെത്തിയ ഗണ്ണേഴ്സ്, ഒന്നാമതുള്ള ലിവർപൂളുമായുള്ള ലീഡ് രണ്ടാക്കി കുറക്കുയും ചെയ്തു. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഗബ്രിയേൽ ജീസസ് (65ാം മിനിറ്റിൽ), ബുക്കായോ സാക (72ാം മിനിറ്റിൽ) എന്നിവരാണ് ആഴ്സണലിനായി ഗോൾ നേടിയത്. 89ാം മിനിറ്റിൽ നൈജീരിയൻ സ്ട്രൈക്കർ തായ്വോ അവോണിയുടെ വകയായിരുന്നു നോട്ടിങ്ഹാമിന്‍റെ ആശ്വാസ ഗോൾ.
ആദ്യ പകുതിയിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും ആഴ്സണലിന് ആതിഥേയരുടെ ബോക്സിനുള്ളിൽ കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. എന്നാൽ, രണ്ടാം പകുതിയിൽ ആഴ്സണൽ താരങ്ങൾ കൂടുതൽ ഉണർന്നു കളിക്കുന്നതാണ് കണ്ടത്. ഇതോടെ നോട്ടിങ്ഹാമിനും പിടിപ്പത് പണിയായി. ആറു വാര അപ്പുറത്തുനിന്നുള്ള ജീസസിന്‍റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയെങ്കിലും അധികം വൈകാതെ താരം ഗോൾ കണ്ടെത്തി.
ഒലക്സാണ്ടർ സിൻചെങ്കോയാണ് ഗോളിന് വഴിയൊരുക്കിയത്. ജീസസിന്‍റെ ഇടതുപാർശ്വത്തിൽനിന്നുള്ള ക്രോസ് ഗോളി ടേർണറിന്‍റെ കാലിനുള്ളിൽ തട്ടി വലയിൽ കയറുകയായിരുന്നു. ഏഴു മിനിറ്റിനുള്ളിൽ സന്ദർശകർ ലീഡ് ഉയർത്തി. ജീസസിന്‍റെ ഒരു മനോഹര ക്രോസിൽനിന്നാണ് സാക ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയാണ് അവോണി നോട്ടിങ്ഹാമിനായി ഒരു ഗോൾ മടക്കിയത്.
മത്സരശേഷം ബെൻ വൈറ്റും സിൻചെങ്കോയും മൈതാനത്ത് ഏറ്റുമുട്ടിയത് ആഴ്സണൽ ജയത്തിന്‍റെ നിറംകെടുത്തി. ഒടുവിൽ പരിശീലകൻ അർട്ടേറ്റ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അവസാന നിമിഷം ടീം വഴങ്ങിയ ഗോളിനെ ചൊല്ലിയായിരുന്നു വാക്കേറ്റം. നിലവിൽ 21 മത്സരങ്ങളിൽനിന്ന് 48 പോയന്‍റുമായി ലിവർപൂളാണ് ഒന്നാമത്. രണ്ടാമതുള്ള ആഴ്സണലിന് 22 മത്സരങ്ങളിൽനിന്ന് 46 പോയന്‍റാണുള്ളത്. സിറ്റിക്ക് 20 മത്സരങ്ങളിൽനിന്ന് 43 പോയന്‍റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.