സ്വന്തം മണ്ണിൽ വീണ്ടും നാണംകെട്ട് യുനൈറ്റഡ്; ബ്രൈറ്റണോട് തോറ്റത് 3-1ന്
text_fieldsമാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്. ഓൾഡ് ട്രാഫോർഡിർ ബ്രൈറ്റൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുനൈറ്റഡിനെ തരിപ്പണമാക്കിയത്.
യാൻകുബ മിൻതെ (അഞ്ചാം മിനിറ്റിൽ), കൗരു മിത്തോമ (60), പകരക്കാരൻ ജോർജിനിയോ റൂട്ടർ (76) എന്നിവരാണ് ബ്രൈറ്റണായി വലകുലുക്കിയത്. ബ്രൂണോ ഫെർണാണ്ടസിന്‍റെ (23ാം മിനിറ്റിൽ പെനാൽറ്റി) വകയായിരുന്നു യുനൈറ്റഡിന്‍റെ ആശ്വാസ ഗോൾ. ലീഗിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ നാലാമത്തെയും ഓൾഡ് ട്രാഫോർഡിൽ അഞ്ചു മത്സരങ്ങളിൽ നാലാമത്തെയും തോൽവിയാണ് യുനൈറ്റഡ് ബ്രൈറ്റണോട് ഏറ്റുവാങ്ങിയത്.
ഇതോടെ പോയന്‍റ് പട്ടികയിൽ യുനൈറ്റഡ് 13ാം സ്ഥാനത്തേക്ക് വീണു. മുന്നേറ്റത്തിലും ആക്രമണത്തിലും ബ്രൈറ്റണ് തന്നെയായിരുന്നു മുൻതൂക്കം. മിത്തോമയുടെ അസിസ്റ്റിൽ മിൻതെ അഞ്ചാം മിനിറ്റിൽ തന്നെ ആതിഥേയരുടെ വലകുലുക്കി ഞെട്ടിച്ചു. ജോഷ്വാ സിർസിയെ ബോക്സിൽ ഫൗൾ ചെയ്തതിനാണ് യുനൈറ്റഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ഫെർണാണ്ടസ് പന്ത് അനായാസം വലയിലാക്കി. 1-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ 53ാം മിനിറ്റിൽ ജാവോ പെട്രോ യുനൈറ്റഡിന്‍റെ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു. വൈകാതെ മിൻതെയുടെ അസിസ്റ്റിൽ മിത്തോമ സന്ദർശകരുടെ ലീഡ് ഉയർത്തി. ഗോൾ കീപ്പർ ആന്ദ്രെ ഒനാനയുടെ പിഴവാണ് മൂന്നാം ഗോളിന് വഴിവെച്ചത്. 22 മത്സരങ്ങളിൽനിന്ന് 34 പോയന്‍റുമായി ബ്രൈറ്റൺ ഒമ്പതാം സ്ഥാനത്താണ്. യുനൈറ്റഡിന് 22 മത്സരങ്ങളിൽ 26 പോയന്‍റും.
മറ്റു മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റ് 3-2 എന്ന സ്കോറിന് സതാംപ്ടണെയും എവർട്ടൺ 3-2ന് ടോട്ടൻഹാമിനെയും പരാജയപ്പെടുത്തി. സിറ്റി ഗ്രൗണ്ടിൽ അരങ്ങേറിയ പോരാട്ടത്തിൽ ഏലിയറ്റ് ആൻഡേഴ്‌സണും കോളംഹുഡ്‌സണും ക്രിസ് വുഡ്ഡുമാണ് നോട്ടിങ്ഹാമിനായി വലകുലുക്കിയത്. ജാൻ ബെഡ്‌നേർക്കും പോൾ ഒനാച്ചുവുമാണ് സതാംപ്ടന്റെ സ്‌കോറർമാർ.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവർട്ടന്റെ ജയം. ഡൊമിനിക് ലെവിനും ലിമാൻ എൻഡിയായേയും ആർക്കി ഗ്രേയുമാണ് എവർട്ടനായി വലകുലുക്കിയത്. കുലുസേവ്‌സ്‌കിയും റിച്ചാർലിസണുമാണ് ടോട്ടൻഹാമിന്റെ സ്‌കോറർമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.