മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ തുരത്തി സിറ്റി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ 3-1നാണ് ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. ഫിൽ ഫോഡൻ ഇരട്ട ഗോളുകളുമായി സിറ്റിയുടെ ഹീറോ ആയപ്പോൾ എർലിംഗ് ഹാലണ്ട് ഒരു ഗോൾ നേടി.
മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ തന്നെ സിറ്റിയെ ഞെട്ടിച്ച് ആദ്യ ഗോൾ പിറന്നു. മാർകസ് റാഷ്ഫോഡിന്‍റെ കാലിൽ നിന്നായിരുന്നു യുനൈറ്റഡിന്‍റെ ഗോൾ. തുടക്കത്തിലെ ഞെട്ടലിന് ശേഷം സിറ്റി പൊരുതിക്കളിച്ചെങ്കിലും ആദ്യപകുതിയിൽ സ്കോർ മാറിയില്ല.
രണ്ടാംപകുതിയുടെ 11ാം മിനിറ്റിൽ തന്നെ ഫിൽ ഫോഡനിലൂടെ സിറ്റി തിരിച്ചടിച്ചു. ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച പന്ത് ഫിൽ ഫോഡൻ ഒരു തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. 80ാം മിനിറ്റിൽ ഫോഡൻ വീണ്ടും സിറ്റിയെ 2-1ന് മുന്നിലെത്തിച്ചതോടെ യുനൈറ്റഡ് പരാജയം മണത്തു.
91ാം മിനിറ്റിൽ അമ്രബതിന്റെ പിഴവ് മുതലെടുത്താണ് ഹാളണ്ട് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടിയത്. വിജയത്തോടെ പോയിന്‍റ് ടേബിളിൽ സിറ്റി രണ്ടാമതെത്തി. 63 പോയിന്‍റുമായി ഒന്നാമതുള്ള ലിവർപൂളിന് ഒരു പോയിന്‍റ് മാത്രം പിറകിലാണ് സിറ്റി. 44 പോയിന്‍റുള്ള യുനൈറ്റഡ് ആറാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.