ലിവർപൂളിനെ തകർത്ത് തരിപ്പണമാക്കി സിറ്റി
text_fieldsഇടവേളക്ക് ശേഷം പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം. കരുത്തരുടെ പോരാട്ടത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തകർത്തത്. സിറ്റിക്ക് വേണ്ടി ജൂലിയൻ അൽവാരെസ്, കെവിൻ ഡി ബ്രൂയിൻ, ഇക്കായ് ഗുൻഡകൻ, ജാക്ക് ഗ്രീലിഷ് എന്നിവരാണ് ഗോൾ നേടിയത്. മുഹമ്മദ് സലാഹാണ് ലിവർപൂളിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
സലാഹിലൂടെ ലിവർപൂളായിരുന്നു മത്സരത്തിൽ ഗോളടിക്ക് തുടക്കമിട്ടത്. 17-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. പത്ത് മിനിറ്റ് കഴിഞ്ഞതോടെ സിറ്റി തിരിച്ചടിക്കുകയും ചെയ്തു. സൂപ്പർതാരം എൻലിങ് ഹാലണ്ടിന്റെ അഭാവത്തിൽ ആക്രമണത്തിന്റെ നേതൃത്വമേറ്റെടുത്ത അർജന്റീനൻ താരം ജൂലിയൻ അൽവാരസായിരുന്നു ജാക്ക് ഗ്രീലിഷിന്റെ പാസ്സിൽ വല കുലുക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിയാദ് മഹ്റസിന്റെ കിടിലനൊരു പാസിലൂടെ കെവിൻ ഡി ബ്രൂയിൻ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. സമനില പിടിക്കാൻ ലിവർപൂൾ കിണഞ്ഞു പരിശ്രമിക്കവേ, 53-ാം മിനിറ്റിൽ നായകൻ ഗുൻഡകനിലൂടെ ഗോൾ നേട്ടം മൂന്നാക്കിയുയർത്തിയ സിറ്റിക്ക് വേണ്ടി 74-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷ് നാലാം ഗോളുമടിച്ചു.
മത്സരത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി കുറക്കാനും സിറ്റിക്ക് കഴിഞ്ഞു. 8- മത്സരങ്ങളിൽ നിന്നായി 64- പോയിന്റാണ് സിറ്റിക്ക്. സീസണിലെ ഒമ്പതാം തോൽവി വഴങ്ങിയ ലിവർപൂൾ നിലവിൽ ലീഗിൽ ആറാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.