ഇൻജുറി ഗോളിൽ ഫുൾഹാമിനോട് തോറ്റ് യുനൈറ്റഡ്; ഒരു ഗോളിൽ ബേൺമൗത്തിനെ വീഴ്ത്തി സിറ്റി
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപോരാട്ടം കനക്കുന്നു. ബേൺമൗത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള പോയന്‍റ് വ്യത്യാസം ഒന്നാക്കി കുറച്ചു.
ബേൺമൗത്തിന്‍റെ വലിയ വെല്ലുവിളി മറികടന്നാണ് സിറ്റി മത്സരം ജയിച്ചുകയറിയത്. 24ാം മിനിറ്റിൽ ഫിൽ ഫോഡനാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. സൂപ്പർതാരം ഹെർലിങ് ഹാലൻഡിന്‍റെ ഷോട്ട് ഗോളി തട്ടി അകറ്റിയെങ്കിലും പന്ത് വന്നുവീണത് ഫോഡന്‍റെ മുന്നിലായിരുന്നു. താരം അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ബേൺമൗത്ത് കിണഞ്ഞു ശ്രമിച്ചെങ്കിലും സിറ്റി താരങ്ങൾ പ്രതിരോധിച്ചു. അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തം മൈതാനത്ത് ഫുൾഹാമിനോട് പരാജയപ്പെട്ടു.
ഓൾഡ്ട്രാഫോർഡിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് യുനൈറ്റഡിന്‍റെ തോൽവി. പരിക്ക് കാരണം റാസ്മസ് ഹോയ്‍ലൻഡും ലൂക് ഷോയും ഇല്ലാതെ ഇറങ്ങിയ യുനൈറ്റഡ് ദയനീയ പ്രകടനമാണ് സ്വന്തം കാണികൾക്കു മുന്നിൽ പുറത്തെടുത്തത്.
മത്സരത്തിന്‍റെ രണ്ടാംപകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 65ാം മിനിറ്റിൽ കാൽവിൻ ബാസിയിലൂടെ ഫുൾഹാം ലീഡെടുത്തു. തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയ യുനൈറ്റഡ് 89ാം മിനിറ്റിൽ ഹാരി മഗ്വയറിലൂടെ ഒപ്പമെത്തി. ബ്രൂണോയുടെ ഒരു ഷോട്ട് ഗോളി രക്ഷപ്പെടുത്തിയപ്പോൾ റീബൗണ്ട് പന്ത് മഗ്വയർ വലയിലാക്കുകയായിരുന്നു.
മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റുകളിൽ ഫുൾഹാം വിജയഗോൾ നേടുന്നത്. റണ്ണിനൊടുവിൽ അഡമ ട്രയോരെ നൽകിയ പന്ത് അലക്സ് ഇവോബി വലയിലാക്കി. ഇവോബിയുടെ ഷോട്ട് നോക്കി നിൽക്കാനെ യുനൈറ്റഡ് ഗോളി ഒനാനക്ക് കഴിഞ്ഞുള്ളു. സ്കോർ 2-1.
പന്ത് കൈവശം വെക്കുന്നതിലും ഷോട്ട് തൊടുക്കുന്നതിലും യുനൈറ്റഡായിരുന്നു മുന്നിൽ. എന്നാൽ, ടീമിന്‍റെ നീക്കങ്ങൾക്ക് വേഗതയും ഒത്തിണക്കവുമില്ലായിരുന്നു. തോൽവി യുനൈറ്റഡിന്‍റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയായി. നിലവിൽ 26 മത്സരങ്ങളിൽനിന്ന് 44 പോയന്‍റുമായി ആറാം സ്ഥാനത്താണ് യുനൈറ്റഡ്. നാലാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 52 പോയന്‍റുണ്ട്. എട്ടു പോയന്‍റിന്‍റെ വ്യത്യാസം.
സിറ്റിയാണ് യുനൈറ്റഡിന്‍റെ അടുത്ത എതിരാളികൾ. അതും എത്തിഹാദ് സ്റ്റേഡിയത്തിൽ. കരുത്തരായ ലിവർപൂൾ, ആഴ്സണൽ ടീമുകളെയും നേരിടാനുണ്ട്. 26 മത്സരങ്ങളിൽനിന്ന് 60 പോയന്‍റുമായി ലിവർപൂൾ ഒന്നാമതും 59 പോയന്‍റുമായി സിറ്റി രണ്ടാമതും 58 പോയന്‍റുമായി ആഴ്സണൽ മൂന്നാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.