സമനില; പ്രതീക്ഷ മങ്ങി ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. വെസ്റ്റ് ഹാമിനെതിരായ കളിയിൽ ടീം സമനില വഴങ്ങി. വെസ്റ്റ് ഹാമിന്റെ തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തിൽ ഇരു കൂട്ടരും രണ്ട് ഗോൾ വീതമടിച്ചു. 43ാം മിനിറ്റിൽ ജാറോഡ് ബൊവനിലൂടെ ആതിഥേയർ ലീഡ് പിടിച്ചു. രണ്ടാം പകുതി തുടങ്ങി ആൻഡ്രൂ റോബർട്ട്സനിലൂടെ ചെമ്പടയുടെ തിരിച്ചടി. 65ാം മിനിറ്റിൽ വെസ്റ്റ് ഹാം താരം അൽഫോൺസ് അരിയോല സെൽഫ് ഗോളും നേടിയതോടെ ലിവർപൂൾ മുന്നിലെത്തിയെങ്കിലും 77ൽ മിഷെയ്ൽ അന്റോണിയോ സമനില പിടിച്ചു. 35 മത്സരങ്ങളിൽ 75 പോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. 34 കളികളിൽ 77 പോയന്റ് നേടി ആഴ്സനൽ ഒന്നും 33ൽ 76 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടും സ്ഥാനങ്ങളിലുണ്ട്. ചെമ്പടക്ക് ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
അതേസമയം, സമനിലയുടെ നിരാശയിൽ ലിവർപൂളിന് മറ്റൊരു കല്ലുകടിയായി സ്ട്രൈക്കർ മുഹമ്മദ് സലാഹും പരിശീലകൻ യർഗൻ ക്ലോപ്പും തമ്മിലെ തർക്കം. 82ാം മിനിറ്റിൽ സലാഹിനെ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറക്കവേ ടച്ച് ലൈനിന് അരികിൽവെച്ചാണ് ഇരുവരും കോർത്തത്. ഈ സമയം മത്സരം 2-2 സമനിലയിലായിരുന്നു. ക്ലോപ്പ് സലാഹിന് അടുത്തെത്തി സംസാരിക്കുന്നതും താരം പരിശീലകന് നേരെ കൈചൂണ്ടി തർക്കിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സഹതാരങ്ങളെത്തി സലാഹിനെ പിടിച്ചുമാറ്റുകയായിരുന്നു. കുറച്ചുനാളായി ഫോമിലല്ല ഈജിപ്ഷ്യൻ താരം. ക്ലോപ്പാവട്ടെ ഈ സീസണോടെ ലിവർപൂൾ വിടാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.