ഇംഗ്ലീഷ് പ്രീമിയർ ലീഗ്: യുനൈറ്റഡ് തോറ്റു; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട ദാഹം പരമാവധി വൈകിപ്പിക്കാൻ മാത്രമേ നഗരവൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡിന് കഴിഞ്ഞുള്ളൂ. ഒടുവിൽ അവരുടെ േതാൽവിയിലൂടെ തന്നെ സിറ്റി കളത്തിലിറങ്ങാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതു ചാമ്പ്യന്മാരായി. സീസൺ അവാസാനിക്കാൻ ഇനിയും മത്സരങ്ങൾ ബാക്കിനിൽക്കെയാണ് മാഞ്ചസ്റ്റർസിറ്റി തങ്ങളുടെ ഏഴാം പ്രീമിയർ കിരീടം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് കഴിഞ്ഞ രാത്രിയിൽ ലെസ്റ്റർസിറ്റിക്ക് മുന്നിൽ കീഴടങ്ങിയതോെട (2-1) ഇംഗ്ലീഷ് കിരീടം നിർണയിക്കപ്പെട്ടു. 35 കളി പൂർത്തിയായപ്പോൾ പത്ത് പോയൻറ് ലീഡാണ് സിറ്റിക്കുള്ളത്. ശേഷിക്കുന്ന മൂന്ന് കളിയിലും യുനൈറ്റഡ് ജയിക്കുകയും, സിറ്റി തോൽക്കുകയും ചെയ്താലും ഫലത്തിൽ മാറ്റമുണ്ടാവില്ല.
ഒാൾഡ്ട്രഫോഡിലെ മൈതാനത്ത് യുനൈറ്റഡ് തോറ്റപ്പോൾ, അതേ നഗരത്തിലെ തൊട്ടടുത്തുള്ള ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്തായിരുന്നു ആഘോഷങ്ങൾ. 'ചാമ്പ്യൻസ്' എന്നെഴുതിയ കൂറ്റൻ ബാനർ ഉയർന്നതിനു പിന്നാലെ ആരാധകരുടെ വിജയാഘോഷം തുടങ്ങി. കളിക്കാരുടെയും പരിശീലകരുടെയും അഭാവത്തിലായിരുന്നു ഇന്നലെ പകലും നീണ്ട ആഘോഷ പരിപാടികൾ.
സീസണിൽ മിന്നും ഫോമിലുള്ള ലെസ്റ്റർ സിറ്റി തുടർച്ചയായ ആക്രമണങ്ങളിലൂടെ മേധാവിത്വം സ്ഥാപിച്ച് കളി തങ്ങളുടേതാക്കി മാറ്റി. പത്താം മിനിറ്റിൽ ലൂക് തോമസും, 66ാം മിനിറ്റിൽ കാഗ്ലർ സോയുൻകുവുമാണ് ലെസ്റ്ററിനായി വലകുലുക്കിയത്. 15ാം മിനിറ്റിൽ മാസൻ ഗ്രീൻവുഡാണ് യുനൈറ്റഡിെൻറ ആശ്വാസ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ തുരുപ്പുശീട്ടുകളായി എഡിൻസൺ കവാനി, മാർകസ് റാഷ്ഫോഡ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെയിറക്കി യുനൈറ്റഡ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ലെസ്റ്ററിെൻറ ബൂട്ടിൽ നിന്നും കളി വഴുതിയില്ല.
നാല് സീസൺ, മൂന്നാം കിരീടം
പത്ത് സീസണിനിടയിൽ അഞ്ചാം പ്രീമിയർ ലീഗ് കിരീടവുമായി ഇംഗ്ലീഷ് ഫുട്ബാളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സർവാധിപത്യം. 2008ൽ അബൂദബി ആസ്ഥാനമായ സിറ്റി ഫുട്ബാൾ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലായ ശേഷം തലവര മാറിയ സിറ്റിക്ക് വിഖ്യാതനായ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ വരവോടെ സുവർണകാലമായി.
2016ൽ സ്ഥാനമേറ്റ ഗ്വാർഡിക്കു കീഴിൽ സിറ്റിയുടെ മൂന്നാം ലീഗ് കിരീടം കൂടിയാണിത്. സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ചാമ്പ്യന്മാർക്ക്, ഇംഗ്ലീഷ് ലീഗ് കപ്പും പ്രീമിയർ ലീഗും ഉൾപ്പെടെ രണ്ട് കിരീടങ്ങളായി. മേയ് 29ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്കെതിരായ പോരാട്ടത്തോടെ ഹാട്രിക് കിരീടമാണ് ലക്ഷ്യം.
കഴിഞ്ഞ നൂറ്റാണ്ടിൽ നേടിയ രണ്ടു ലീഗ് കിരീടങ്ങളുടെ ചരിത്രം (1937, 1968) ചരിത്രം മാത്രമുണ്ടായ സിറ്റിയാണ് 2008ലെ അബൂദബി ഉടമസ്ഥരുടെ വരവോടെ മാറിമറിഞ്ഞത്. മേയ് 23ന് എവർട്ടനെതിരെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ലീഗ് മത്സരമാവും സിറ്റിയുടെ വിക്ടറി പരേഡിെൻറ വേദി. 10,000ത്തോളം കാണികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.