‘ലോകകപ്പ് നേടിയ മുഹൂർത്തത്തിൽ ഡീഗോ ഖത്തറിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു’ -മെസ്സി
text_fieldsദോഹ: ഖത്തറിലെ ഓരോ നിമിഷവും ആസ്വദിച്ചിരുന്നതായി അർജന്റീന നായകൻ ലയണൽ മെസ്സി. ഖത്തറിൽ ലോകകപ്പ് നേടിയ മുഹൂർത്തത്തിൽ ഡീഗോ മറഡോണ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായും മെസ്സി പറഞ്ഞു.
‘അർജന്റീന ലോക ചാമ്പ്യന്മാരാകുന്നതു കാണാൻ ഡീഗോ ഉണ്ടായിരുന്നെങ്കിൽ ഏറെ സന്തോഷമായേനേ. എന്തുമാത്രം ഡീഗോ അതാഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം, നാഷനൽ ടീമിനെ അദ്ദേഹം എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നും. ഡീഗോ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എനിക്ക് കപ്പ് നൽകുമായിരുന്നു. ആ ഫോട്ടോ അതിമനോഹരമായേനേ. ആകാശത്തുനിന്ന് ഡീഗോയും അതുപോലെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുമാണ് എനിക്ക് കരുത്തുപകർന്നത്’-ഉർബാന പ്ലേ റേഡിയോയിൽ അർജന്റീനൻ ജേണലിസ്റ്റ് ആനി കുസ്നെറ്റ്സോഫുമായുള്ള അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി തിരിച്ചുവരുന്നതിനിടെ ലോകകപ്പിനടുത്തെത്തി അതിൽ മുത്തമിട്ടതിനെക്കുറിച്ച് മെസ്സി പറഞ്ഞതിങ്ങനെ- ‘കപ്പ് അവിടെ തിളങ്ങിനിൽക്കുന്നതാണ് മടങ്ങിവരവെ ഞാൻ കണ്ടത്. വരൂ എന്നെ എടുക്കൂ എന്ന് അത് പറയുന്നതുപോലെ തോന്നി. പിന്നെ ഞാനൊന്നും ആലോചിച്ചില്ല’.
ഫൈനലിനുശേഷം ടീമിന്റെ കുക്കിനെ ആലിംഗനം ചെയ്തതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പലരും അത് മെസ്സിയുടെ മാതാവാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ‘അവരുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. 18 വയസ്സുമുതൽ അവരോടൊപ്പമുള്ള ഓർമകൾ എനിക്കുണ്ട്. ഇതുപോലുള്ള ടൂർണമെന്റുകൾക്ക് അവർ വർഷങ്ങളായി ഞങ്ങളെ അനുഗമിക്കുന്നു. ഒരുപാടു കാര്യങ്ങൾ ഞങ്ങൾ പങ്കുവെക്കാറുണ്ട്. കളത്തിൽ കളിക്കുകയും ലോകകപ്പ് നേടുകയും ചെയ്ത ഞങ്ങളെപ്പോലെതന്നെ ഈ നേട്ടത്തിൽ അവരും അത്രയേറെ ആവേശഭരിതയായിരുന്നു’-മെസ്സി പറഞ്ഞു.
ഞങ്ങളുടെ കോച്ചിങ് സ്റ്റാഫ് അതിമഹത്തരമായിരുന്നു. മികവുറ്റ കളിക്കാരായിരുന്നു അവർ. ഓരോ സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെ നേരിടണമെന്ന് അവർക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ലോകകപ്പ് കളിച്ച അനുഭവമുണ്ടായിരുന്നു അവർക്ക്. ഓരോ സമയത്തും എന്താണ് പറയേണ്ടതെന്നും ചെയ്യേണ്ടതെന്നും അവർക്കറിയാമായിരുന്നു.
നെതർലൻഡ്സിനെതിരെ ഗോൾ നേടിയ ശേഷം നടത്തിയ ആഹ്ലാദപ്രകടനത്തെക്കുറിച്ചും മെസ്സി വിശദീകരിച്ചു. ‘ഹോളണ്ടിനെതിരായ മത്സരശേഷം ഞാൻ റിക്വൽമെയുമായി സംസാരിച്ചിരുന്നു. മത്സരശേഷം ഞങ്ങൾ മെസേജുകളും അയക്കാറുണ്ടായിരുന്നു. അത് ലോകകപ്പിൽ മാത്രമല്ല, വർഷങ്ങളായി ചെയ്യാറുണ്ട്. ബാഴ്സലോണയിൽ കോച്ചായിരുന്നപ്പോൾ ലൂയി വാൻ ഗാലുമായുള്ള പ്രശ്ങ്ങളെക്കുറിച്ചൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു’- മെസ്സി പറഞ്ഞു. ഇന്റർനെറ്റിന്റെ ചരിത്രത്തിൽ മെസ്സി ലോകകപ്പുമായി നിൽക്കുന്ന ചിത്രം ഏറ്റവും കൂടുതൽ ലൈക് നേടിയ ഫോട്ടോയി മാറിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘അതിന് എത്രമാത്രം ലൈക് കിട്ടിയെന്നതല്ല ഞാൻ നോക്കിയത്.
ഞാൻ കപ്പുമായി നിൽക്കുന്ന പടം ആളുകൾ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന്റെ പ്രതിഫലനമായാണ് ഞാനതിനെ കണ്ടത്’. ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രങ്ങളെല്ലാം സ്വയം പോസ്റ്റ് ചെയ്യുന്നതാണെന്നും അതിനായി ഏതെങ്കിലും കമ്പനിയെയോ മാനേജറെയോ താൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഭിമുഖത്തിൽ മെസ്സി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.