അസ്സല് വംശീയത; വിജയാഘോഷ വിഡിയോയിൽ ഫ്രഞ്ച് ടീമിനെ അധിക്ഷേപിച്ച് അർജന്റീന താരങ്ങൾ
text_fieldsഫ്ലോറിഡ: കോപ അമേരിക്ക കിരീടധാരണത്തിന് ശേഷം അർജന്റീന താരങ്ങൾ നടത്തിയ വിജയാഘോഷം വിവാദത്തിൽ. ഫ്രാൻസ് ദേശീയ ടീമിനെയും നായകൻ കിലിയൻ എംബാപ്പയെയും കോപ ചാമ്പ്യൻ സംഘം വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. ടീമിന്റെ വിജയാഘോഷത്തിന്റെ വിഡിയോ അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാം ചാനലില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അവസാന ഭാഗത്താണ് ഫ്രഞ്ച് ടീമിലെ ആഫ്രിക്കന്‍ വംശജരായ കളിക്കാർക്കെതിരെ വംശീയവും വിവേചനപരവുമായി പരാമര്‍ശങ്ങളുള്ളത്.
‘‘അവർ ഫ്രാൻസിനായി കളിക്കുന്നു. എന്നാൽ, അവരുടെ മാതാപിതാക്കൾ അംഗോളയിൽ നിന്നുള്ളവരാണ്. അവരുടെ അമ്മ കാമറൂണിൽനിന്നും പിതാവ് നൈജീരിയയിൽനിന്നുമാണ്. പക്ഷേ, അവരുടെ പാസ്പോർട്ട് അവർ ഫ്രഞ്ചുകാരാണെന്ന് പറയുന്നു...’’ എന്നിങ്ങനെയായിരുന്നു അർജന്റീന താരങ്ങളുടെ വംശീയ അധിക്ഷേപം. ഇതുമായി ബന്ധപ്പെട്ട വിഡിയോ പുറത്തു വന്നതോടെ അർജന്റീനക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
ഫിഫക്ക് പരാതി നൽകുമെന്ന് ഫ്രാന്‍സ് ഫുട്‌ബാള്‍ ഫെഡ.
അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ ഫ്രാന്‍സ് ഫുട്‌ബാള്‍ ഫെഡറേഷന്‍ ശക്തമായി അപലപിച്ചു. സ്പോര്‍ട്സ്, മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുടെ ഗൗരവം കണക്കിലെടുത്ത് എഫ്.എഫ്.എഫ് പ്രസിഡന്റ് അര്‍ജന്റീനക്കെതിരെ ഫിഫക്ക് നിയമപരമായ പരാതി നല്‍കാന്‍ തീരുമാനിച്ചതായി ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മാപ്പുചോദിച്ച് എൻസോ
ബ്വേനസ് എയ്റിസ്: ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയ പരാമർശത്തിൽ മാപ്പപേക്ഷിച്ച് അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്. കോപ അമേരിക്കയിൽ കിരീടം നേടിയതിന് പിന്നാലെയുണ്ടായ അർജന്റീന താരങ്ങളുടെ പ്രവൃത്തി വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്നാണ് വിഡിയോ പിൻവലിച്ച് എൻസോ മാപ്പ് പറഞ്ഞത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട വിഡിയോയുടെ പേരിൽ ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ്. ഏറ്റവും മോശം ഭാഷയാണ് പങ്കുവെക്കപ്പെട്ട വിഡിയോയിലെ പാട്ടിലുള്ളത്. താൻ എല്ലാതരം വിവേചനങ്ങൾക്കും എതിരാണ്. വിഡിയോയിലെ വാക്കുകൾ തന്റെ വിശ്വാസത്തെയോ വ്യക്തിത്വത്തെയോ പ്രകടമാക്കുന്നില്ലെന്നും വിഷയത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുകയാണെന്നും എൻസോ പറഞ്ഞു.
എൻസോക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ചെൽസി
ലണ്ടൻ: വംശീയ അധിക്ഷേപ വിഡിയോ പുറത്തുവിട്ട സംഭവത്തിൽ എൻസോ ഫെർണാണ്ടസിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി. ഇവരുടെ മിഡ്ഫീൽഡറാണ് എൻസോ. “എല്ലാ സംസ്കാരങ്ങളിൽനിന്നും സമൂഹങ്ങളിൽനിന്നും സ്വത്വങ്ങളിൽനിന്നുമുള്ള ആളുകൾക്ക് സ്വീകാര്യമായ വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ ഒരു ക്ലബായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ കളിക്കാരന്റെ പരസ്യമായ ക്ഷമാപണം ഞങ്ങൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് ബോധവത്കരിക്കാനുള്ള അവസരമായി ഉപയോഗിക്കും. ക്ലബ് ആന്തരിക അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്” -ചെൽസി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.